തിരുവനന്തപുരം: എസ്.എൻ.സി ലാവ്‌ലിനുമായുള്ള ഇടപാട് ഇത്രയേറെ വിവാദമുണ്ടാക്കുകയും കേസാവുകയും ചെയ്തിട്ടും അവരെ മറക്കാൻ കഴിയാത്തതാണ് പ്രത്യേക തരം മാനസികാവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. മസാലാ ബോണ്ട് നൽകിയതിൽ ദുരൂഹത ആരോപിച്ച പ്രതിപക്ഷ നേതാവിന്റേത് ചില പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായുണ്ടാവുന്ന സംശയം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യുവിന് ലാവ്‌ലിനുമായുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും അത് സമ്മതിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ലാവ്‌ലിനിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ളത് സി.ഡി.പി.ക്യൂവിന് ആണ്. സി.ഡി.പി.ക്യു ഏറ്റെടുക്കുന്ന പ്രവൃത്തികൾ നടപ്പാക്കുന്ന കൺസോർഷ്യത്തെ നയിക്കുന്നതും ലാവ്‌ലിനാണ്.
മസാലാ ബോണ്ട് സംബന്ധിച്ച് സർക്കാരും ധനമന്ത്രിയും ആദ്യം മുതൽ പറഞ്ഞിരുന്നതെല്ലാം പെരും നുണകളായിരുന്നു. 9.732 ശതമാനം എന്ന കൊള്ളപ്പലിശയാണ് ചെറിയ പലിശ എന്ന് മുഖ്യമന്ത്രി പറയുന്നത്. മസാലാ ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഏപ്രിൽ ഒന്നിന് പബ്ലിക്കായി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ കാനഡയിലെ ക്യുബക് പ്രവിശ്യയിൽ പ്രൈവറ്റായി പ്‌ളേസ്‌മെന്റ് നടത്തിയിരുന്നു. അവിടെ നിന്നാണ് സി.ഡി.പി.ക്യു വാങ്ങിയത്. ഇത് മൂടി വച്ചിട്ടാണ് എല്ലാം സുതാര്യമായി നടത്തിയെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രേഖകളനുസരിച്ച് മാർച്ച് 26ന് ഓപ്പൺ ചെയ്ത ബോണ്ടുകൾ മാർച്ച് 29ന് മുമ്പ് സി.ഡി.പി.ക്യു വാങ്ങി എന്നാണ് കാണുന്നത്. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ഇതേ സൂചനയുണ്ട്. അപ്പോൾ ഏപ്രിൽ ഒന്നിന് മാത്രം ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ബോണ്ടുകൾ അതിന് മുമ്പെങ്ങനെ ലാവ്‌ലിൻ ബന്ധമുള്ള കമ്പനിക്ക് വിറ്റുവെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.