malinyam

കഴക്കൂട്ടം: അനധികൃതമായി മാലിന്യശേഖരണം നടത്തുന്നവരെ പിടികൂടുന്നതിനായി മേയറുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഈഗിൾ ഐ ' എന്ന പേരിലുള്ള സ്ക്വാഡ് ഇന്നലെ രാത്രിയും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. രണ്ട് പാസഞ്ചർ ആട്ടോ, രണ്ട് പിക്കപ്പ് ആട്ടോ, വലിയ പിക്കപ്പ്, ഒരു ടാങ്കർ ലോറി എന്നിവ നഗരസഭ കസ്​റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേരെ പൊലീസിന് കൈമാറി. അനധികൃതമായി കക്കൂസ് മാലിന്യമുൾപ്പെടെ ശേഖരിച്ച് പാതയോരങ്ങളിലും ഓടകളിലും ജലാശയങ്ങളിലും തള്ളുന്നവരെ പിടികൂടാൻ മേയർ നേരിട്ടിറങ്ങുകയായിരുന്നു. രണ്ടാംതവണയാണ് മേയറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ അഞ്ചാം തീയതി നിറുത്താതെ പോയ മാലിന്യവാഹനത്തെ മേയർ പിന്തുടർന്ന് പിടികൂടിയിരുന്നു. അന്ന് അഞ്ച് വാഹനങ്ങൾ പിടികൂടിച്ചു. അനധികൃത മാലിന്യശേഖരണവും നിക്ഷേപവും തടയാൻ നഗരസഭ രജിസ്‌ട്രേഷനും ലൈസൻസും ഏർപ്പെടുത്തിയിട്ടും മാലിന്യ മാഫിയയെ തടയാൻ കഴിഞ്ഞിട്ടില്ല. നിരന്തരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും ഇതിന് പൊലീസിന്റെ സഹായം ഉറപ്പാക്കുമെന്നും മേയർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷൻ പരിധിയിലെ എല്ലാ സോണുകളിലെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ​ നഗരസഭാ ജീവനക്കാരുയുടെയും സഹകരണത്തോടെയാണ് നിരീക്ഷണം വ്യാപകമാക്കുക.