വർക്കല: ഡോ.ആർ .ദയാനന്ദബാബുവിന് യു.കെയിലെ ഗ്ലാസ്കോ റോയൽ കോളേജ് ഒഫ് സർജൻസ് എഫ്.ആർ.സി.എസ് നൽകി ആദരിക്കുന്നു. ജൂൺ 5ന് ഗ്ലാസ്കോ റോയൽ കോളേജ് ഒഫ് സർജൻസിന്റെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങും. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സർജറി വിഭാഗം പ്രൊഫസറും സംസ്ഥാന ആരോഗ്യ സർവകലാശാലയുടെയും കുസാറ്റിന്റെയും സെനറ്റുകളിൽ അംഗവുമാണ്. ക്ലിനിക്കൽ സർജറി പേൾസ്, സർജിക്കൽ ഹാൻഡിക്രാഫ്റ്റ്, ശസ്ത്രക്രിയാ ശാസ്ത്രം സാധാരണക്കാർക്ക് എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഒഫ് എന്റോക്രൈൻ സർജറിയുടെ ദേശീയ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സർവകലാശാലാ തലത്തിൽ മികച്ച സർജറി അദ്ധ്യാപകനുള്ള ശുശ്രുത അവാർഡിനും അർഹനായിട്ടുണ്ട്.