kerala-flood-relief

തിരുവനന്തപുരം: പ്രളയകാലത്ത് ശബരിമലയിലെ പമ്പ- ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണലിൽ നിന്ന് 20,000 ക്യുബിക് മീറ്റർ മണൽ തിരുവിതാംകൂർ ദേവസ്വംബോർ‌ഡിന് സൗജന്യമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശേഷിക്കുന്നത് സ്വകാര്യ ആവശ്യക്കാർക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കിൽ വിൽക്കാൻ വനംവകുപ്പിന് അനുമതി നൽകി.

ദേവസ്വംബോർഡിന്റെ അഭ്യർത്ഥനപ്രകാരമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായി മണൽ വിട്ടുനൽകുന്നത്. പമ്പയിൽ അടിഞ്ഞുകൂടിയ മണൽ മഴക്കാലം തുടങ്ങുന്നതിനുമുമ്പ് നീക്കിയില്ലെങ്കിൽ വീണ്ടും കുത്തിയൊലിച്ച് പമ്പാനദിയുടെ ഒഴുക്ക് തടസപ്പെടാനിടയുണ്ട്. അത്‌ കണക്കിലെടുത്ത്‌ മണൽ നീക്കാൻ ദേവസ്വംബോർഡ് നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, വനംവകുപ്പ് എതിർത്തു. ഈ എതിർപ്പും മണൽ കഴുകി വൃത്തിയാക്കേണ്ട ബുദ്ധിമുട്ടും കണക്കിലെടുത്താണ് അന്ന്‌ പിന്മാറിയത്.

കൈയേറ്റത്തർക്കം തീർക്കാൻ ട്രൈബ്യൂണൽ

സംസ്ഥാനത്തെ ദേവസ്വം ബോ‌ർഡുകളുടെയും ദേവസ്വം മാനേജ്മെന്റ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ തീർക്കാൻ റിട്ടയേർഡ് ജില്ലാ ജഡ്ജി അംഗമായി കേരള ദേവസ്വം ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള ബിൽ കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭയുടെ വരുന്ന സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ആലോചനയെങ്കിലും സാധിച്ചില്ലെങ്കിൽ ഓർഡിനൻസായി പിന്നീട് ഇറക്കും.

ലൈഫ് മിഷന് കീഴിൽ സർക്കാർ സഹായമില്ലാതെ വ്യക്തികൾ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.