ബാലരാമപുരം: ബാലരാമപുരം ജംഗ്ഷന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷൻ കച്ചേരിക്കുളത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം. പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കരമന -കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് പൊലീസ് സ്റ്റേഷൻ മാറ്റിസ്ഥാപിക്കാൻ തീരുമാനമായത്. എന്നാൽ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾ അമർച്ചചെയ്യാൻ സ്റ്റേഷൻ തൽ സ്ഥാനത്തുതന്നെ തുടരണമെന്നും സ്റ്റേഷൻ മാറ്റി സ്ഥാപിക്കരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം. ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും വർദ്ധിച്ചുവരുന്ന ആക്രമണസംഭവങ്ങൾ തടയാനും ബാലരാമപുരം പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ തന്നെ നിലനിറുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല ബാലരാമപുരം എച്ച്.എസ്.എസ് സ്കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘങ്ങളെ പിടികൂടാനും സ്റ്റേഷൻ ഇവിടെ തുടരേണ്ടതുണ്ട്. എന്നാൽ ജനമൈത്രി സ്റ്റേഷൻ പൊളിച്ചുമാറ്റുമ്പോൾ ജംഗ്ഷൻ കേന്ദ്രീകരിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ക്രമസമാധാനപാലനം നിലനിറുത്താനും ബധൽ സംവിധാനങ്ങൾ ഒന്നും ഇവിടെയില്ലെന്നും പരാതിയുണ്ട്.
ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിനോട് ചേർന്നാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സ്കൂൾ കോമ്പൗണ്ടിൽ തരിശായിക്കിടക്കുന്ന മൂന്ന് സെന്റ് സ്ഥലം കൂടി ലഭിച്ചാൽ പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം കൊണ്ടുവരാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ജനപ്രതിനിധികളുടേയും സ്കൂൾ പി.ടി.എയുടേയും പഞ്ചായത്തിന്റെയും ആഭ്യന്തര വകുപ്പ് മേധാവികളുടേയും സാനിദ്ധ്യത്തിൽ ആലോചനായോഗം നടന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയു.
പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ മിനിമം 40 സെന്റ് സ്ഥലമെങ്കിലും വേണമെന്ന ആഭ്യന്തരവകുപ്പിന്റെ പുതിയ നിയമം നിലനിൽക്കെ ബാലരാമപുരം ജംഗ്ഷനിൽ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ഇനി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. സ്റ്റേഷൻ പൊളിച്ചുമാറ്റുമ്പോൾ പൊലീസ് ഔട്ട് പോസ്റ്റ് നിലനിറുത്താമെന്ന് റൂറൽ എസ്.പി നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ബാലരാമപുരത്തെ അഴിയാക്കുരുക്ക് നിയന്ത്രിക്കുന്നതിനും മറ്റ് അനിഷ്ട സംഭവങ്ങൾ തടയിടുന്നതിനും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥിരം സംവിധാനം വേണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.