കേരള സർവകലാശാല ഇംഗ്ളീഷ് വിഭാഗത്തിൽ പി എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചില സ്വജനപക്ഷപാതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. നമ്മുടെ കോളേജുകളിൽ അദ്ധ്യാപന ജോലിക്ക് നിലവിൽ മാസ്റ്റർ ബിരുദവും നെറ്റ് യോഗ്യതയും മതിയെങ്കിലും ഭാവിയിൽ പിഎച്ച്.ഡി കൂടി നിർബന്ധിതമാകും എന്നുള്ളതാണ് വസ്തുത.
വളരെയേറെപ്പേർ പ്രവേശനം കാത്തു നിൽക്കുന്നുമുണ്ട്. പിഎച്ച്.ഡി പ്രവേശനത്തിന് ഒരു അധിക യോഗ്യതയാണ് ജെ.ആർ.എഫ്. എന്നിട്ടും ജെ.ആർ.എഫുകാരെപ്പോലും അവഗണിച്ച് തന്നിഷ്ടപ്രകാരം പിഎച്ച്.ഡി അഡ്മിഷൻ നൽകുകയാണ് യൂണിവേഴ്സിറ്റി അധികൃതർ. നിലവിൽ 16 സീറ്റ് വേക്കന്റ് ആയി കിടക്കുന്ന യൂണിവേഴ്സിറ്റി ഇംഗ്ളീഷ് വിഭാഗത്തിൽ ഒരാൾക്ക് മാത്രം പ്രവേശനം നൽകി 15 സീറ്റും ഒഴിവാക്കിയിട്ടു. 2019 ഫെബ്രുവരി 20, മാർച്ച് 1 എന്നീ തീയതികളിൽ കൂടിയ ഡോക്ടറൽ കമ്മിറ്റി മുമ്പാകെ 75 പേർ സിനോപ്സിസ് അവതരിപ്പിച്ചു ജെ.ആർ.എഫ് യോഗ്യതയുള്ളവരെയും സർവീസിൽ ഉള്ളവരെയും എല്ലാം തന്നിഷ്ടം പോലെ തഴഞ്ഞ് അധികൃതർ 4 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. (ആ ലിസ്റ്റ് മാർച്ച് 27 ന് നടത്തിയ ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരുന്നു) അതിൽതന്നെ പിന്നെയും തിരിമറികൾ നടത്തി .ഈ രാജ്യത്ത് കോടതിയും നിയമ വ്യവസ്ഥയും ഒന്നും ഇല്ലേ?
യൂണിവേഴ്സിറ്റി അധികൃതരുടെ തോന്ന്യവാസങ്ങളെക്കുറിച്ചും സ്വജന പക്ഷപാതത്തെക്കുറിച്ചും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മന്ത്രിമന്ദിരങ്ങളുടെ മൂക്കിനു കീഴിൽ ഇരുന്ന് തന്നിഷ്ടം കാണിക്കുന്ന ഇക്കൂട്ടർക്കെതിരെ നടപടികൾ എടുക്കുകയും യോഗ്യരായ മുഴുവൻ പേർക്കും പ്രവേശനം ഉറപ്പാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
എ.ആർ. രാജൻ മണ്ണത്തൂർ
ഗവ. ഹയർ സെക്കൻഡറി സ്കൂൾ
മണ്ണത്തൂർ, എറണാകുളം ജില്ല.
വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ അതിപ്രസരം പാടില്ല
വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ എന്ന കേരളകൗമുദി മുഖപ്രസംഗം അവരചോചിതമായി. മേയ് 14 മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ച മാറ്റങ്ങൾ ശുഭോദാർക്കം തന്നെ. ഇൗ മാറ്റങ്ങൾ ഫലപ്രദമാകാൻ വിദ്യാഭ്യാസ രാഷ്ട്രീയ അതിപ്രസരത്തിൽനിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാമ്പസുകളിൽ സമാധാനം ഉറപ്പാക്കാണം-സർവകലാശാലകൾ അക്കാഡമിക് താത്പര്യം മുൻനിറുത്തിയാകണം പ്രവർത്തിക്കേണ്ടത്.
ടി.വി. ബാലഗോപാലൻ നായർ,
റിട്ട. ജെ.ആർ
കാലിക്കറ്റ് സർവകലാശാല.
അധഃപതിക്കുന്നമാതൃത്വം
അധഃപതിച്ചുകൊണ്ടിരിക്കുന്ന മാതൃത്വം ആനുകാലിക ജീവിത സാഹചര്യങ്ങളിലെ ഒരു യാഥാർത്ഥ്യമായി ഇന്നു വഴിമാറിക്കൊണ്ടിരിക്കുകയാണ്. പരിശുദ്ധമായ രക്തബന്ധങ്ങളുടെ മഹനീയതയ്ക്കും മുറിവേൽപ്പിച്ചുകൊണ്ട് ഒരുകൂട്ടം അമ്മമാർ തന്റെ പിഞ്ചോമനകളോട് കാട്ടിക്കൂട്ടുന്ന ക്രൂരത, മനുഷ്യമനസാക്ഷിക്ക് നിരക്കാത്തതായി തീർന്നിരിക്കുകയാണ്.
സന്താനഭാഗ്യം ഒരു മഹാഭാഗ്യമായി എക്കാലത്തും കാണാറുണ്ടെങ്കിലും ഇക്കൂട്ടർക്ക് ലഭിച്ചിട്ടുള്ള ഈ ഭാഗ്യം ഇതിനൊരപവാദമല്ലേ? ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങളായി ചികിത്സയും നേർച്ചകളുമായി കാത്തിരിക്കുന്ന എത്രയോ ദമ്പതികൾ നമുക്ക് ചുറ്റുമുണ്ട്. ഭർത്താവിന്റെ അകാല മരണം, അനാരോഗ്യപ്രശ്നങ്ങൾ, സ്വരചേർച്ചയില്ലായ്മയിലൂടെ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ചില സ്ത്രീകൾ ഏറ്റെടുക്കുന്ന പുരുഷ സുഹൃത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകുമ്പോൾ, ആ ജീവിതത്തിന്റെ സുഗമമായ മുന്നേറ്റത്തിന് തടസമായേക്കാമെന്നു കരുതുന്ന സ്വന്തം കുരുന്നുകളെ ഈ കാമുകന്മാർക്കുവേണ്ടി ഉന്മൂലനം ചെയ്യാൻ ഏത് കിരാത മാർഗവും സ്വീകരിക്കാൻ ഈ അമ്മമാർക്ക് എങ്ങനെ സാധിക്കുന്നു. സാമ്പത്തിക, ശാരീരിക മാനസികോല്ലാസത്തിന് ഇറങ്ങിത്തിരിക്കുന്ന ഇവരെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ പര്യാപ്തമായ ഒരു സാഹചര്യം ഇവരുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു വിഭാഗം സ്ത്രീകളിൽ വരുത്തിത്തീർത്ത ഇത്തരത്തിലുള്ള ഒരു മാനസികാവസ്ഥയുടെ പരിണിത ഫലം എന്താകുമെന്നുള്ളത് പ്രവചനാതീതമാണ്.
ലളിതാ ഉണ്ണികൃഷ്ണൻ