നെടുമങ്ങാട് : ശുദ്ധജലമെത്തിക്കുന്ന ആറാംപള്ളി പമ്പ് ഹൗസിനു സമീപത്തെ തോട്ടിൽ അറവുശാല മാലിന്യം ചാക്കുകളിലാക്കി നിക്ഷേപിച്ചത് പമ്പിംഗിന് തിരിച്ചടിയാകുന്നു. പമ്പ് ഹൗസിൽ വെള്ളം സംഭരിക്കുന്ന കുന്നത്തുമല തോട്ടിലാണ് കോഴി മാലിന്യമടക്കം വലിച്ചെറിഞ്ഞിരിക്കുന്നത്.ആരോഗ്യ വിഭാഗത്തെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് മാലിന്യം നീക്കം ചെയ്‌തെങ്കിലും തോടിന്റെ മറ്റു ഭാഗങ്ങളിൽ മാലിന്യം നിറച്ച ചാക്കുകൾ കെട്ടിക്കിടക്കുകയാണ്.
വലിയൊരളവ് ആൾക്കാരും തോട്ടിലെ വെള്ളം നേരിട്ട് ഉപയോഗിക്കുന്നവരാണ്.
കഴിഞ്ഞദിവസം രാവിലെ വെള്ളമെടുക്കാൻ എത്തിയവരാണ് തോട്ടിൽ ഒഴുകി നടക്കുന്ന മാലിന്യം നിറച്ച ചാക്കുകൾ കണ്ടത്.ദുർഗന്ധം വമിക്കുന്ന മാംസാവശിഷ്ടങ്ങൾ ചാക്കിൽ നിന്ന് പുറത്തേയ്ക്ക് വീഴുന്ന നിലയിലാണ്.ഇത്തരത്തിൽ മാലിന്യം ജലത്തിൽ അഴുകിക്കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല. പകർച്ചവ്യാധികൾ പടരുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
രാത്രികാലങ്ങളിൽ വലിയ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യം കുന്നിൻ പ്രദേശങ്ങളിലെ ജല സ്രോതസുകളിൽ ഒഴുക്കുന്നത് തുടർക്കഥയായിട്ടുണ്ട്.പൊന്മുടി ഹൈവേയിലെ മന്നൂർക്കോണം ആർച്ച് ജംഗ്‌ഷനിൽ റോഡുവക്കിലേയ്ക്ക് ടൺ കണക്കിന് കോഴിമാലിന്യമാണ് ഇത്തരത്തിൽ വലിച്ചെറിഞ്ഞിട്ടുള്ളത്.
കുടിവെള്ള വിതരണം എന്ന് ലേബലൊട്ടിച്ച മിനിലോറികളിലാണ് മാലിന്യം ഗ്രാമീണ മേഖലകളിൽ എത്തിക്കുന്നതെന്ന് പരാതിയുണ്ട്.നാട്ടുകാരുടെയും പരിശോധക സംഘങ്ങളുടെയും കണ്ണുവെട്ടിക്കാനാണ് ഈ ലേബൽ.തിരുവനന്തപുരം കോർപ്പറേഷന്റെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെയും പേരെഴുതി ഒട്ടിച്ച വാഹനങ്ങളും അനധികൃത മാലിന്യ കടത്തിന് ഉപയോഗിക്കുന്നുണ്ട്.പൂങ്കാവനം,കുന്നത്തുമല ഭാഗങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളാനെത്തിയ വാഹനങ്ങൾ തടഞ്ഞുവെച്ച് സംഘാംഗങ്ങളെ നാട്ടുകാർ കൈയോടെ പൊക്കി വലിയമല പൊലീസിൽ ഏല്പിച്ചിരുന്നു. മാലിന്യം തള്ളാൻ കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് വെളിപ്പെട്ടെങ്കിലും ഇവർക്കെതിരെ യാതൊരു നിയമനടപടിയും ഉണ്ടായിരുന്നില്ല.