politics

തിരുവനന്തപുരം: നിയമസഭ സബ്ജക്ട് കമ്മിറ്റികളുടെയും സഭാ സമിതികളുടെയും അദ്ധ്യക്ഷ സ്ഥാനത്ത് മന്ത്രിമാർ വേണമെന്ന നിർദ്ദേശം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതാണ് കൂടുതൽ സഹായപ്രദം എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭാസമിതികളെയും കടലാസ് ‌രഹിത നിയമസഭയെയും കുറിച്ച് സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാനങ്ങൾക്ക് മാത്രമല്ല പാർലമെന്റിനു പോലും മാതൃകയാക്കാവുന്ന പരിഷ്കരണങ്ങൾക്ക് തുടക്കമിടുകയാണ് പേപ്പർലെസ് ആകുന്നതോടെ കേരള നിയമസഭ എന്നും അദ്ദേഹം പറഞ്ഞു. ലെജിസ്ളേറ്റേഴ്സ് ഒഫ് കേരള എന്ന പുസ്തകം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജനാഭിലാഷത്തിന്റെ എല്ലാ സാദ്ധ്യതകളും വിനിയോഗിക്കാനാവുന്ന സംവിധാനമായി നിയമസഭാ സമിതികൾ മാറണമെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭംഗിയായി പ്രവർത്തിക്കുന്ന സഭാസമിതികൾക്ക് അവാർഡ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, എം.എൽ.എമാരായ എം.കെ. മുനീർ, കെ.സി. ജോസഫ് എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.