flod

തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണത്തിനായി പണം സ്വരൂപിക്കാൻ ബഡ്‌ജറ്റിൽ നിർദ്ദേശിച്ച പ്രളയസെസ് ജൂൺ ഒന്നിന് നിലവിൽ വരും. വിദേശത്തുള്ള മന്ത്രി തോമസ് ഐസക്കിന്റെ അഭാവത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ സെസ് ഉണ്ടാവുമെന്ന സൂചന മുഖ്യമന്ത്രി നൽകി. ഇതോടെ അഞ്ച് ശതമാനത്തിന് മേൽ ചരക്ക് സേവന നികുതിയുള്ള (ജി.എസ്.ടി) സാധനങ്ങൾക്ക് ഒരു ശതമാനം അധികനികുതി നൽകണം.

രണ്ടുവർഷത്തേക്കുള്ള സെസിനാണ് കേന്ദ്രാനുമതിയുള്ളത്.

ഇതുവഴി 600 കോടി രൂപ സമാഹരിക്കാമെന്നാണ് ധനവകുപ്പിന്റെ കണക്ക്. കേരള പുനർനിർമ്മാണ വികസന പരിപാടിയുടെ (റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം) കരട് രേഖയും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. ഏപ്രിൽ മുതൽ സെസ് ഏർപ്പെടുത്താൻ ബഡ്‌ജറ്റിൽ നിർദ്ദേശിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടുകയായിരുന്നു.

യു.എൻ ഏജൻസികൾ നൽകിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെന്റ് പ്രകാരം 36706 കോടി രൂപയാണ് പുനർനിർമ്മാണത്തിന് വേണ്ടത്. ഇതിന് വിദേശവായ്‌പകളടക്കമുള്ളവ പരിഗണിക്കേണ്ടി വരും. പുനർനിർമ്മാണത്തിനുള്ള പണത്തിന് വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും കരട് രേഖ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ചെലവ് ക്രമീകരിക്കാനുള്ള മാർഗങ്ങളും ആരായും.

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമ്മാണമാണ് ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചാകും പുനർനിർമ്മാണം. ദുരന്തങ്ങളിൽ ആൾനാശം ഇല്ലാതാക്കുന്നതിനൊപ്പം സാമ്പത്തികനഷ്ടവും കുറയ്ക്കും. നിലവിലെ പശ്ചാത്തല സംവിധാനങ്ങൾക്ക് ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിക്കുറവുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കണം

ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കുന്നതിന് ജലവിഭവ മാനേജ്മെന്റിന്റെ ഭാഗമായി റിവർ ബേസിൻ മാനേജ്മെന്റ് അതോറിട്ടി രൂപീകരിക്കും. ജലവിതരണം, ശുചീകരണ സംവിധാനങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തൽ, ദുരന്തങ്ങൾ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും, കൃഷിരീതികൾ മെച്ചപ്പെടുത്തൽ, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തൽ, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്നിവയും നിർദ്ദേശിച്ചു. ജലസംഭരണികളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്റ് സെന്റർ സ്ഥാപിക്കും. ഡാം സുരക്ഷാ അതോറിട്ടിയെ ശക്തിപ്പെടുത്തും.

വില കൂടും

സെസ് വരുമ്പോൾ അഞ്ച് ശതമാനത്തിന് മേൽ ജി.എസ്.ടിയുള്ള എല്ലാ ഉപഭോഗവസ്തുക്കൾക്കും നിർമ്മാണസാമഗ്രികൾക്കും ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും വില കൂടും. സർക്കാർ സേവനങ്ങളുടെ നിരക്കുകൾ കൂട്ടുന്നതിനായി വകുപ്പുകളുടെ നിർദ്ദേശവും ധനവകുപ്പ് ആരാഞ്ഞിട്ടുണ്ട്.