lini

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ മരണവും തുടർന്നുണ്ടായ സംഭവങ്ങളും ഹൃദയസ്പർശിയായ ഒരനുഭവമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം പ്രസ് ക്ലബ്ലിൽ സംഘടിപ്പിച്ച ലിനി അനുസ്മരണവും അവാർഡ്ദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. രോഗിയെ ശുശ്രൂഷിച്ച ആൾ തന്നെ മരണപ്പെട്ടുപോയ വളരെ സങ്കടകരമായ അനുഭവമാണ് ഉണ്ടാക്കിയത്. ലിനിയുടെ അസാമാന്യ ധൈര്യവും ആത്മവിശ്വാസവും ആരോഗ്യ പ്രവർത്തകർക്ക് എന്നും കരുത്താണ്. അതിനാൽ തന്നെ ഒരിക്കലും മറക്കാനാവാത്ത ദിവസം കൂടിയായി മേയ് 21 മാറിയെന്നും മന്ത്രി പറഞ്ഞു. താത്കാലിക ജീവനക്കാരുടെ സേവനം ആരോഗ്യ മേഖലയ്ക്ക് വിലപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി. സത്യൻ എം.എൽ.എ, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലും നഴ്‌സായി 28 വർഷം താത്കാലിക തസ്തികയിൽ സേവനമനുഷ്ഠിച്ച കെ.എം. അനിതയ്ക്ക് ലിനിയുടെ പേരിലുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.