വർക്കല: ചരിത്രപ്രാധാന്യമുള്ള വർക്കല കൊട്ടാരക്കുളം കാടുകയറിയും മാലിന്യം നിറഞ്ഞും നാശാവസ്ഥയിൽ. ടൂറിസം വകുപ്പിന്റെ അധീനതയിൽ വർക്കല ഗസ്റ്റ്ഹൗസിന് സമീപമാണ് രാജഭരണകാലത്ത് സമൃദ്ധമായി ഉപയോഗിച്ചിരുന്ന കുളമുള്ളത്. സംരക്ഷിക്കാൻ നടപടികളില്ലാത്തതാണ് 150 വർഷത്തിലധികം പഴക്കമുള്ള കുളത്തിന്റെ നാശവസ്ഥയ്ക്ക് കാരണമായത്. വിസ്തൃതമായിരുന്ന കുളം ചുരുങ്ങി വിസ്മൃതിയിലേക്ക് നീങ്ങുകയാണ്.
പദ്മനാഭപുരം കൊട്ടാരക്കുളത്തിന്റെ മാതൃകയിലായിരുന്നു ഇതിന്റെ നിർമ്മാണവും. ജലസമൃദ്ധമായിരുന്ന കുളം രാജഭരണം അവസാനിച്ചശേഷം പ്രദേശവാസികളും ഉപയോഗിച്ചിരുന്നു. പാപനാശം കുന്നിലെ നീരുറവകളിലെ വെള്ളമാണ് കുളത്തിലെത്തിയിരുന്നത്. ചക്രതീർഥക്കുളത്തിലെപ്പോലെ വെള്ളം നിറയുന്നതനുസരിച്ച് ഒഴുകി വയലിലേക്ക് പോകാനുള്ള സംവിധാനമുണ്ടായിരുന്നു. ഇതിന് സമീപം അലക്കുകുളമുണ്ട്. പ്രധാനകുളം നശിച്ചത് സമീപത്തെ ജലസ്രോതസുകളെയും ബാധിച്ചു. കുളത്തിനുള്ളിൽ മരങ്ങൾ വളർന്നുവലുതായിട്ടുണ്ട്. നാലുവശവും കാടുമൂടിക്കിടക്കുകയാണ്. കെട്ടുകൾ പലഭാഗത്തും ഇടിഞ്ഞ് കുളത്തിലേക്ക് വീണിട്ടുണ്ട്.
കുളത്തിന് മദ്ധ്യഭാഗത്ത് മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. ഒരു കിണറുമുണ്ട്. പരിസരവും കുളത്തിനകവും കാടു മൂടിയതിനാൽ മാലിന്യവും നിറഞ്ഞു. അധികൃതരൊന്നും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. കടുത്ത വേനലിൽ ജനത്തിന് ആശ്രയമാകേണ്ട കുളമാണ് സംരക്ഷണമില്ലാതെ നശിച്ചത്. വർക്കലയിൽ രംഗകലാകേന്ദ്രം നിർമിക്കുന്നതിന് വിട്ടുനൽകിയ രണ്ടേക്കർ സ്ഥലത്താണ് കുളമുള്ളത്. രംഗകലാകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് കൊട്ടാരക്കുളവും സംരക്ഷിക്കുമെന്നാണ് അധികൃതർ പറയുന്നത്.