fire

തിരുവനന്തപുരം: അഗ്നിസുരക്ഷയില്ലാത്ത ബഹുനില കെട്ടിടങ്ങൾ കൂണുപോലെ പൊന്തിയിട്ടും സർക്കാരും ഫയർഫോഴ്‌സും നോക്കി നിൽക്കുന്നു. ആറുമാസം മുമ്പ് ഫയർ ആഡിറ്റ് നടത്തിയ 1582 കെട്ടിടങ്ങളിൽ 1103ലും അഗ്നിരക്ഷാ മാർഗങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവ പൂട്ടാനോ സ്റ്റോപ്പ്‌ മെമ്മോ നൽകാനോ കേസെടുക്കാനോ കഴിഞ്ഞിട്ടില്ല. ഇതിന് ഫയർഫോഴ്‌സിന് അധികാരവുമില്ല. ഏറ്റവും അപകടനിലയിലുള്ള 505 കെട്ടിടങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.

കെട്ടിടനിർമ്മാണച്ചട്ടങ്ങൾ പ്രകാരം അഗ്നിസുരക്ഷാ സംവിധാനമൊരുക്കുന്ന കെട്ടിടങ്ങൾക്കേ തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാവൂ. നിർമ്മാണ സമയത്ത് അഗ്നിസുരക്ഷാ പരിശോധനയ്‌ക്ക് ഫയർഫോഴ്‌സിന് അധികാരമില്ല. അഗ്നിബാധയുണ്ടായാൽ കെടുത്താനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ഫയർസിസ്റ്റം സ്ഥാപിച്ചാലേ എൻ.ഒ.സി ലഭിക്കൂ.

മൂന്നുനില കെട്ടിടത്തിൽ നിയമപ്രകാരമുള്ള അഗ്നിരക്ഷയൊരുക്കാൻ മൂന്നുലക്ഷത്തിലേറെ ചെലവാകും. തുടക്കത്തിൽ എല്ലാ സംവിധാനവുമുണ്ടാകുമെങ്കിലും കാലക്രമേണ ഒഴിവാക്കും. ഫയർഫോഴ്‌സിന്റെ പരിശോധനയ്‌ക്കായി താത്കാലിക സുരക്ഷാ സംവിധാനമൊരുക്കുന്ന കരാറുകാരുമുണ്ട്. പിന്നീടുള്ള വാർഷിക പരിശോധനകളിൽ നിയമലംഘനം കണ്ടെത്തി ഫയർഫോഴ്‌സ് വിവരം നൽകിയാലും കോർപറേഷനോ മുനിസിപ്പാലിറ്റിയോ നടപടിയെടുക്കില്ല. ബഹുനിലക്കെട്ടിടത്തിനു നാലുവശവും ഫയർഎൻജിൻ ഓടിക്കാനുള്ള വഴിവേണമെന്ന ചട്ടവും പാലിക്കാറില്ല. തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരിലുമാണ് കൂടുതൽ ബഹുനിലക്കെട്ടിടങ്ങളിൽ അപാകതയുള്ളത്. തലസ്ഥാനത്തെ 199 കെട്ടിടങ്ങളിൽ 150ഉം സുരക്ഷിതമല്ലെന്ന് ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു. കൊച്ചിയിൽ 88ഉം കോഴിക്കോട്ട് 140ഉം മലപ്പുറത്ത് 71ഉം കെട്ടിടങ്ങളിൽ അഗ്നിരക്ഷയില്ല.

ഫ്ളാറ്റുകളടക്കം 288 റസിഡൻഷ്യൽ കെട്ടിടങ്ങൾ, 50 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 11 രാസഫാക്ടറികൾ, 58 വ്യവസായശാലകൾ, 96 തിയേറ്ററുകൾ, 88 ആശുപത്രികൾ എന്നിവിടങ്ങളിലും പാളിച്ചയുണ്ട്.

ഫയർഫോഴ്‌സിന് എൻഫോഴ്‌സ്‌മെന്റ് അധികാരം നൽകാനുള്ള പുതിയ ഫയർസർവീസ് ചട്ടത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. അഗ്നിസുരക്ഷയില്ലാത്ത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ്‌മെമ്മോ നൽകാനും ഉടമയ്‌ക്കെതിരേ കേസെടുക്കാനും സാധിക്കും. ബഹുനിലക്കെട്ടിടങ്ങളിലും മാളുകളിലും നൂറിലധികം മുറികളുള്ള ഹോട്ടലുകളിലും എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റുകളിലും തീപിടിത്തം തടയാൻ ഫയർസേഫ്ടി ഓഫീസറെ നിയമിക്കണം. സംശയമുള്ള സ്വകാര്യവാഹനങ്ങളും ഇന്ധനടാങ്കറുകളും പരിശോധിക്കാം.


ക്രമക്കേടുകൾ പലവിധം
1. 15 മീറ്ററിനു മുകളിൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് കിട്ടാൻ അഗ്നിസുരക്ഷാ സംവിധാനം സജ്ജമാക്കുമെങ്കിലും ഒരു വർഷത്തെ എൻ.ഒ.സി കിട്ടിയാൽ പുതുക്കാറില്ല.

2. ഗോഡൗണുകൾക്കുള്ള അഗ്നിസുരക്ഷാ സംവിധാനങ്ങൾക്ക് വൻചെലവായതിനാൽ താമസാവശ്യത്തിന് എൻ.ഒ.സിയും നമ്പരും വാങ്ങിയ കെട്ടിടങ്ങൾ ഗോഡൗണുകളാക്കും.

3. എൻ.ഒ.സിക്കായി ഫയർഫൈറ്റിംഗ് സിസ്റ്റം, സ്‌മോക് എക്‌സ്ട്രാക്‌ഷൻ, സ്‌മോക് ഡിറ്റക്‌ഷൻ എന്നിവ താത്കാലികമായി സജ്ജമാക്കും. പിന്നീട് ഇളക്കിമാറ്റും.

4. 16 മീറ്ററിലധികമുള്ള കെട്ടിടങ്ങളിലെ വെറ്റ്‌റൈസർ, ഫയർസ്‌പ്രിംഗ്ലർ, വാട്ടർസ്റ്റോറേജ്, ഹോസ്‌റീൽ, ആട്ടോമാറ്റിക് അലാറം എന്നിവ പ്രവർത്തിപ്പിക്കില്ല.

5. ആട്ടോമാറ്റിക്കായി വെള്ളം പമ്പുചെയ്യുന്ന സ്‌പ്രിംഗ്ലറുകളില്ല. ലിഫ്റ്റുകൾക്ക് സുരക്ഷാവാതിൽ പണിയില്ല

വിളിച്ചുവരുത്തുന്ന അപകടം

 ഫയർഎസ്കേപ്പ് സ്റ്റെപ്പുകൾ അടച്ചിടും
 എമർജൻസി എക്‌സിറ്റുകളിൽ തടസം
 സ്‌മോക്ക് എക്സ്ട്രാക്‌ഷൻ പ്രവർത്തിക്കില്ല
 ഫയർഫ്യൂം, സ്‌മോക്ക് ഇല്ല
 ഫയർ സപ്രഷൻ സിസ്റ്റം സജ്ജമാക്കില്ല