മുടപുരം: ചിറയിൻകീഴിലെ അക്ഷര സ്നേഹികളുടെ സംഗമ വേദിയായിരുന്ന കൂന്തള്ളൂർ ദേശീയ ഗ്രന്ഥശാല അവഗണനയിൽ. ഏഴെട്ട് ദശാബ്ദങ്ങൾക്ക് മുൻപ് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് കല്ലും, മണ്ണും ചുമന്ന് കെട്ടിപ്പൊക്കിയ ഒരു ഒറ്റമുറിയിലായിരുന്നു ഈ സാംസ്‌കാരിക കേന്ദ്രം പിറവിയെടുത്തത്. നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ രുചി പകർന്ന ഗ്രന്ഥശാല കാലക്രമേണ ജീർണാവസ്ഥയിലാകുകയായിരുന്നു
ചിറയിൻകീഴിലെ പാലകുന്നിൽ പണിതീർത്ത മന്ദിരം ആറ് പതിറ്റാണ്ടു കാലം ഇന്നാട്ടിലെ സഹൃദയരും സാഹിത്യാസ്വാദകരുമായ ചെറുപ്പക്കാരുടെ സങ്കേതം കൂടി ആയിരുന്നു. എല്ലാ സാഹിത്യശാഖകളിലുമുള്ള നിരവധി അമൂല്യ ഗ്രന്ഥങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമായിരുന്നു.
ഗ്രന്ഥശാല നിൽക്കുന്ന സ്ഥലം കഴിഞ്ഞ എട്ട് ദശാബ്ദങ്ങളായി ഈ സ്ഥാപനത്തിന്റെ കൈവശമാണ്. എന്നാൽ വസ്തു സംബന്ധമായ രേഖകൾ ഒന്നും ഇപ്പോഴത്തെ ഭരണസമിതിയുടെ കൈവശമില്ല. അവ ദേവസ്വം ബോർഡിന്റെ പക്കൽ ഇല്ലെന്നുമാണ് ഗ്രന്ഥശാലയുടെ സെക്രട്ടറി വി.എസ്. കണ്ണൻ അറിയിച്ചത്. ചിറയിൻകീഴിൽ പ്രധാന സാംസ്‌കാരിക കേന്ദ്രമായിരുന്ന കൂന്തള്ളൂർ ദേശീയ ഗ്രന്ഥശാല പുനർനിർമ്മിക്കുവാൻ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ ഫണ്ടും എം.എൽ.എ - എം.പി ഫണ്ടുകളും അനുവദിക്കാൻ ബന്ധപ്പെട്ടവർ സന്നദ്ധരാണ്. ഇപ്പോൾ വസ്തുവിന്മേലുള്ള അവകാശ തർക്കം തീർക്കാൻ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.