തിരുവനന്തപുരം: നോമിനേഷനിലൂടെ നിശ്ചയിച്ചിരുന്ന അഡ്മിനിസ്ട്രേറ്റീവ് ബോർഡ് പിരിച്ചുവിട്ട് കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിൽ വീണ്ടും തിരഞ്ഞെടുപ്പിലൂടെ സ്റ്റാൻഡിംഗ് കമ്മറ്റി നിലവിൽ വന്നു.ജനറൽ കൗൺസിൽ ചേർന്ന് ഏഴംഗ സ്റ്റാൻഡിംഗ് കമ്മറ്റിയെയാണ് ഇന്നലെ തിരഞ്ഞെടുത്തത്.
മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ഐ.എം വിജയൻ, നിലവിലെ ബോർഡ് മെമ്പറായിരുന്ന മുൻ ബാഡ്മിന്റൺ താരം ജോർജ് തോമസ്, എം.ആർ രഞ്ജിത്ത്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, എസ്.രാജീവ്,കെ.റഫീഖ്, വനിതാ പ്രതിനിധി രഞ്ജു സുരേഷ് എന്നിവരാണ് ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്. കൗൺസിൽ വൈസ് പ്രസിഡന്റായി ഒ.കെ വിനീഷ് നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം മുൻ കായികതാരം ഒളിമ്പ്യൻ മേഴ്സിക്കുട്ടനെ പ്രസിഡന്റായി നോമിനേറ്റ് ചെയ്യും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സുനിൽ കുമാർ , സെക്രട്ടറി എസ്.രാജീവ്,ട്രഷററർ രഞ്ജിത്ത് എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുണ്ട്. സുനിൽ കുമാർ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധിയായും രാജീവ് അക്വാട്ടിക് അസോസിയേഷൻ പ്രതിനിധിയായും രഞ്ജിത്ത് ഫുട്ബാൾ അസോസിയേഷൻ പ്രതിനിധിയായുമാണ് കമ്മറ്റിയിലെത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൗൺസിലും ഒളിമ്പിക് അസോസിയേഷനും യോജിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് സുനിൽ കുമാർ പറഞ്ഞു.
2000 ലെ സ്‌പോർട്സ് നിയമവും 2008 ലെ സ്‌പോർട്സ് ചട്ടവും അനുശാസിക്കും വിധമാണ് തെരെഞ്ഞെടുപ്പ് നടന്നത്. അംഗങ്ങൾ കായികവകുപ്പ് മന്ത്രി ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി.