കല്ലമ്പലം: പൊതുകുളത്തിന് ഭീഷണിയായി പുറമ്പോക്ക് ഭൂമി കൈയേറി റോഡ് നിർമ്മിച്ചതായി പരാതി. ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ചിറയിൽ കുളത്തിന് സമീപത്തുകൂടിയാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി റോഡ് വെട്ടിയത്. ഇവിടെ നിന്നിരുന്ന മരങ്ങൾ വെട്ടി മാറ്റിയാണ് റോഡ് നിർമ്മിച്ചതെന്നും മഴക്കാലത്ത് ഇതുമൂലം മണ്ണിടിച്ചിൽ ഉണ്ടായി കുളം നികരാൻ സാദ്ധ്യതയുണ്ടെന്നും അനധികൃതനിർമ്മാണം തടഞ്ഞ് പൂർവ സ്ഥിതിയിൽ ആക്കണമെന്നും കാണിച്ച് ഒറ്റൂർ ചിറയിൽ വീട്ടിൽ സുലി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. കടുത്ത വേനലിൽ പോലും വെള്ളം വറ്റാത്ത നൂറുവർഷത്തോളം പഴക്കമുള്ള കുളത്തെ ആശ്രയിക്കുന്നത് അനേകം പേരാണ്. കുളം സംരക്ഷിച്ചില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സുലി പറഞ്ഞു.