തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറുകളും എഴുതിയ 73437 വിദ്യാർത്ഥികളിൽ 51665 പേർ യോഗ്യത നേടി. ഫാർമസി പ്രവേശന പരീക്ഷയെഴുതിയ 56307ൽ 39908 കുട്ടികൾ യോഗ്യത നേടി. ഓരോ പേപ്പറിനും 10 മാർക്കെങ്കിലും ലഭിക്കാത്തവരാണ് അയോഗ്യരായത്. പട്ടിക വിഭാഗക്കാർക്ക് ഇത് ബാധകമല്ല. വിവിധ കാരണങ്ങളാൽ 3328 വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചു.

മേയ് മൂന്നിന് പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് എൻട്രൻസ് ഉത്തരസൂചിക സംബന്ധിച്ച പരാതികൾ വിദഗ്ദ്ധസമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് സ്കോർ പ്രസിദ്ധീകരിച്ചത്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മാർക്ക് ഏകീകരണത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഫാർമസി റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂൺ ആദ്യം പ്രസിദ്ധീകരിക്കുമെന്നും എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471-2332123, 2339101, 2339102, 2339103, 2339104