തിരുവനന്തപുരം: വർഷങ്ങളായി അന്നം തന്ന സ്ഥാപനം കൺമുന്നിൽ കത്തിയമരുമ്പോൾ സമീപത്ത് നിന്നു പൊട്ടിക്കരയുകയായിരുന്നു പഴവങ്ങാടി ചെല്ലം അംബ്രല്ല മാർട്ടിൽ ജോലിനോക്കുന്ന ജീവനക്കാർ. 18 വർഷമായി ജോലി നോക്കുന്ന സ്ഥാപനം ചാമ്പലായി മാറുന്നത് കണ്ട് ബാലരാമപുരം സ്വദേശി സലീം തളർന്നുപോയി. സീസൺ സമയമായതിനാൽ നല്ല കച്ചവടം നടക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ അധികസമയം ജോലി ചെയ്‌ത് പണം സ്വരൂപിക്കാനുള്ള കണക്കുകൂട്ടലിലായിരുന്നു പലരും. ഇന്നലെ രാവിലെ 9.30ഓടെയാണ് ജീവനക്കാർ എത്തിത്തുടങ്ങിയത്. കടയ്‌ക്ക് സമീപം ആൾക്കൂട്ടം കണ്ടെങ്കിലും തീപിടിത്തമാണെന്ന് ആരും കരുതിയില്ല. കടയ്‌ക്ക് മുന്നിലെത്തിയപ്പോൾ അകത്തുകടക്കാൻ കഴിയാത്ത സ്ഥിതി. കടയ്‌ക്കുള്ളിലേക്ക് നോക്കിയപ്പോൾ തീഗോളം. ഇന്നലെ രാത്രി ജോലി കഴിഞ്ഞുപോയ സ്ഥാപനം കൺമുന്നിൽ ആളിക്കത്തുന്നത് കണ്ടപ്പോൾ ജീവനക്കാർക്ക് സഹിക്കാനായില്ല. 17 പേരാണ് ഇവിടെ ജോലിനോക്കുന്നത്. തീപടരുന്നതുകണ്ട് തളർന്നുപോയ വനിതാ ജീവനക്കാരായ ഷാനു, മിൽക്കിൻ, അരുണിമ, കല, ശോഭ, സുനിത, ശ്രീകല എന്നിവരെ സമീപത്തെ കടകളിലുണ്ടായിരുന്നവർ റോഡിന്റെ മറുവശത്തേക്ക് മാറ്റി.