crime

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് നഗരത്തിൽ കർശന സുരക്ഷയൊരുക്കി സിറ്റി പൊലീസ്. വോട്ടെണ്ണൽ കേന്ദ്രത്തിലും നഗരത്തിലും കൂടുതൽ പൊലീസിനെ നിയോഗിക്കും. കേന്ദ്ര സായുധസേന നഗരത്തിൽ റോന്തുചുറ്റും. പ്രധാന കേന്ദ്രങ്ങളിൽ സി.സി ടിവി നിരീക്ഷണവും ഏർപ്പെടുത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 366 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രകടനങ്ങൾ പൊലീസ് നിയന്ത്റണത്തിലായിരിക്കും. ഇരുചക്രവാഹന റാലികൾ അനുവദിക്കില്ല. വാഹനങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിന് നിയന്ത്റണമേർപ്പെടുത്തും. സി​റ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാർക്കാണ് സുരക്ഷാ ചുമതല. വോട്ടെണ്ണൽ കേന്ദ്രത്തിൽ മാത്രം ഒൻപത് അസി. കമ്മിഷണർമാർ, 21 സി.ഐമാർ, 37 സബ് ഇൻസ്‌പെക്ടർമാർ, 266 പൊലീസുകാർ, 100 വനിതാ പൊലീസ് എന്നിവരെ സുരക്ഷാ ചുമതലയിൽ നിയോഗിച്ചു. നഗരത്തിൽ എവിടെയെങ്കിലും പ്രശ്‌നമുണ്ടായാൽ ഉടനടി എത്തിച്ചേരാൻ പത്തു പേരടങ്ങുന്ന പതിനഞ്ചോളം സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും സജ്ജമാക്കി. പ്രശ്‌നം ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പിക്ക​റ്റ് പോസ്​റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷാഡോ പൊലീസ് സംഘത്തെയും കൂടുതൽ മഫ്തി പൊലീസിനെയും നിയോഗിച്ചു.

മുൻപ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരെയും, പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളവരുടെയും പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, സാമൂഹ്യവിരുദ്ധരെയും നിരീക്ഷിക്കും. ആവശ്യമെങ്കിൽ മുൻകരുതൽ തടങ്കലിലാക്കും. അക്രമം നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.