തിരുവനന്തപുരം: തീപിടിത്തം നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തിയ അഞ്ച് മണിക്കൂർ. രാവിലെ 9.30ന് അഗ്നിശമനസേന തുടങ്ങിയ രക്ഷാപ്രവർത്തനം ഫലം കണ്ടത് ഉച്ചയ്ക്ക് രണ്ടോടെ മാത്രമാണ്. രാവിലെ മുതൽ പൊലീസ്,​ അഗ്നിശമന സേനാ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞെത്തി. ആദ്യം ചെങ്കൽചൂളയിൽ നിന്നുള്ള രണ്ട് ഫയർഎൻജിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന് 10.15ഓടെ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ ഫയർഎൻജിനുകൾ സ്ഥലത്തെത്തി. ഓവർബ്രിഡ്‌ജ് മുതൽ പഴവങ്ങാടി വരെയുള്ള റോഡിന്റെ ഒരുഭാഗത്തെ ഗതാഗതം നിയന്ത്രിച്ച് പൊലീസ് പൂർണമായും ഫയർഫോഴ്‌സിന് വഴിയൊഴുക്കി. ഏഴ് വർഷമായി പഴവങ്ങാടിയിലെ സ്വന്തം കെട്ടിടത്തിലാണ് ചെല്ലം അംബ്രല്ല മാർട്ട് പ്രവർത്തിക്കുന്നത്. ബാഗ്,​ കുട,​ മെത്തകൾ എന്നിവയല്ലൊം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നു. കടയുടമ രവികുമാർ ഷട്ടർ തുറന്നതും ആദ്യം കണ്ടത് വലിയൊരു തീഗോളമായിരുന്നു. അഗ്നിനാളങ്ങൾ വിഴുങ്ങുന്നതുകണ്ട് നെഞ്ചിൽ കൈവച്ച് നിൽക്കാനെ രവികുമാറിനായുള്ളു. അപ്പോഴും ഫയർഫോഴ്സ് സംഘം കടയ്ക്കുള്ളിലേക്ക് വെള്ളം ചീറ്റി തീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമത്തിലായിരുന്നു. കടയ്ക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സമീപത്തെ സുപ്രീം ലെതർ വർക്‌സിലൂടെ അകത്തുകടക്കാനായി ശ്രമം. ഫയർഫോഴ്സ് സംഘം ഷട്ടർ തകർത്തപ്പോൾ ഗോഡൗൺ കത്തുന്നതാണ് കണ്ടത്. തുടർന്ന് ശക്തമായി വെള്ളംചീറ്റി. അപ്പോഴും ചെല്ലത്തിനുള്ളിലേക്ക് കടക്കാൻ വഴിതേടുകയായിരുന്നു. പാര ഉപയോഗിച്ച് ഫയർഫോഴ്സ് കടയുടെ വശങ്ങൾ തകർത്ത് വെള്ളം ചീറ്റിയതോടെ തീ അല്പമൊന്നടങ്ങി. അപ്പോൾ സമയം രാവിലെ 11.30. പിന്നാലെ വിമാനത്താവളത്തിൽ നിന്നുള്ള ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ഒരു മണിക്കൂർ കൂടി പിന്നിട്ടതോടെ നഗരത്തെ അഞ്ച് മണിക്കൂർ വിറപ്പിച്ച തീ ഏറക്കുറെ നിയന്ത്രണവിധേയമായി. ഇരുവശത്തുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. തീ കൂടുതൽ പടർന്നു പിടിക്കാതെ അണയ്ക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി. തീ അണയ്‌ക്കാൻ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് പുറമേ സമീപത്തെ സ്ഥാപനങ്ങളിലെ വാട്ടർ ടാങ്കുകളിലെ വെള്ളവും ഉപയോഗിച്ചു. തീപിടിത്തത്തെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. അപകടസാദ്ധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളിൽ നിന്നുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചിരുന്നു.