photo

നെടുമങ്ങാട്: റബർ മരങ്ങൾ വീണ്ടും തളിരിടുന്ന അദ്ഭുത പ്രതിഭാസം തുടങ്ങിയതോടെ തേനീച്ച കർഷകർക്ക് ശുക്രനുദിച്ചു. തേനീച്ചകൾ മത്സരിച്ച് തേനറകൾ നിറയ്ക്കുകയാണ്. നാല്പതു വർഷത്തെ പാരമ്പര്യമുള്ള പേരയം തേരിയംവിളാകം വീട്ടിൽ സത്യൻ ഇതുവരെയുള്ള തേനീച്ച കൃഷി അനുഭവത്തിൽ ഇങ്ങനെയൊരു തേനൊഴുക്ക് ഇതാദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒരു കൂട്ടിൽ നിന്നും ഇപ്പോൾ എട്ടും പത്തും തവണയാണ് വിളവെടുക്കുന്നത്. ഒരു പെട്ടിയിൽ നിന്നും ഇതിനകം പന്ത്രണ്ട് കിലോ തേൻ കിട്ടിക്കഴിഞ്ഞു. കഴിഞ്ഞ വർഷം വരെ അഞ്ച് കി.ഗ്രാം കിട്ടിയ സ്ഥാനത്താണിത്. തേരിയംവിളയുടെ നാലു കിലോമീറ്റർ ചുറ്റളവിലായി നൂറ്റമ്പത് പെട്ടികൾ ഈ കർഷകനുണ്ട്. ഇക്കുറി ഇതുവരെ ശേഖരിച്ചത് ഒന്നര ടണ്ണിലധികം തേൻ. സാധാരണ ഗതിയിൽ ഫെബ്രുവരി പകുതിയിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന സീസൺ ഈ വർഷം മേയ് പിന്നിടാറായിട്ടും തുടരുകയാണ്. തന്റെ കൃഷിത്തോട്ടത്തിലെത്തിയ നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറിനും കൃഷി അസിസ്റ്റന്റ് അജിത്തിനും ഒരു ഗ്ലാസ്സ് വെള്ളത്തിൽ തേൻ ഒഴിച്ച് ശുദ്ധത കാണിച്ചു കൊടുത്തു. വെള്ളത്തിൽ തേൻ കലങ്ങിയില്ലെന്നു മാത്രമല്ല, തേൻ അടിയിലും വെള്ളം മുകളിലുമായി കിടന്നു. അത്രയുമുണ്ട് തേനിന്റെ പരിശുദ്ധി. വെള്ളം കുടിച്ചപ്പോൾ തേനിന്റെ സ്വാദും ഉണ്ടായില്ല. കരകുളം ആറാംകല്ലിൽ സമഭാവന റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ നന്ദിയോട് കൃഷിഭവനും അമ്മക്കൂട്ടം പ്രവർത്തകരും നടത്തിപ്പോരുന്ന വഴിയോര സണ്ഡേ മാർക്കറ്റിൽ തേൻ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കൃഷിഭവൻ അധികൃതരുടെ തീരുമാനം.300 രൂപയാണ് വില. നന്ദിയോട് പഞ്ചായത്ത് ആവിശ്കറിച്ച് ''ജൈവഗ്രാമം'' പദ്ധതിയുടെ മുന്നേറ്റത്തിന് ഒരു നല്ല മാതൃകയാണ് സത്യന്റെ തേനീച്ച കൃഷി എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഫോൺ : 9495200255.