local-body-election-resul
local body election result kerala

തിരുവനന്തപുരം:നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, എക്സിറ്റ്പോൾ പ്രവചനങ്ങളുടെ പിരിമുറുക്കത്തിൽ കേരളത്തിലെ മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെയാണ് ഫലം പ്രതീക്ഷിക്കുന്നത്.

രാജ്യമാകെയുള്ള ഇടതുപക്ഷത്തിന്റെ പ്രതീക്ഷ കേരളത്തിലാണ്. ദക്ഷിണേന്ത്യയിൽ പരമാവധി സീറ്റുകൾ കാക്കുന്ന കോൺഗ്രസും അതിൽ വലിയപങ്ക് പ്രതീക്ഷിക്കുന്നത് കേരളത്തിലാണ്. ആളും അർത്ഥവും ആവശ്യത്തിന് നൽകിയിട്ടും കേരളത്തിൽ അക്കൗണ്ട് തുറന്നില്ലെങ്കിൽ ബി.ജെ.പിക്ക് കനത്ത അഭിമാനക്ഷതമാകും.

എക്സിറ്റ്പോളുകൾ യു.ഡി.എഫിന് വാനോളം പ്രതീക്ഷയാണ് നൽകുന്നത്. 42- 43 ശതമാനം വോട്ടും 15- 16 സീറ്റുകളുമാണ് പ്രവചനം. എക്സിറ്റ്പോളുകളിൽ ചിലത് ഇടതുമുന്നണിക്കും ആശ്വാസമേകുന്നുണ്ട്. 7- 12, 11- 13 സീറ്റുകൾ വരെ അവർക്ക് പ്രവചിച്ചിട്ടുണ്ട്. ഒരു സീറ്റുമായി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിഭാഗം ഏജൻസികളും പ്രവചിച്ചതാണ് ബി.ജെ.പിക്ക് ഉത്തേജനമാകുന്നത്.

തിരിച്ചടിയിലും സി. പി.എമ്മിന് വിശ്വാസം

ഭൂരിഭാഗം എക്സിറ്റ്പോളുകളും സി. പി. എമ്മിന് തിരിച്ചടിയാണ് പ്രവചിച്ചതെങ്കിലും 2004ലേതിന് സമാനമായ വിജയമെന്ന ആത്മവിശ്വാസമാണ് നേതൃത്വത്തിന്. ശക്തമായ സംഘടനാപ്രവർത്തനം രാഷ്ട്രീയവോട്ടുകൾ മുഴുവനായും ഉറപ്പിച്ചുനിറുത്തിയെന്നാണ് വിശ്വാസം. ബി.ജെ.പി വോട്ടുനില ഉയർത്തുമ്പോൾ യു.ഡി.എഫ് വോട്ടിൽ വിള്ളലുകൾ പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷധ്രുവീകരണം യു.ഡി.എഫിന് മാത്രമാവില്ലെന്നും ദളിത്, പിന്നാക്ക വോട്ടുകൾ ഉറപ്പിക്കാമെന്നും പ്രതീക്ഷയുണ്ട്. ബംഗാളും ത്രിപുരയും കൈവിട്ട ഇടതിന് കേരളത്തിലെ സീറ്റുകൾ മാത്രമാണുള്ളത്. കനത്ത പരാജയം പോളിറ്റ്ബ്യൂറോയിലെ മുതിർന്ന അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിയാവാം.

രമേശിനും മുല്ലപ്പള്ളിക്കും ബലം കാട്ടാൻ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വബലം കാട്ടാൻ വിജയം അനിവാര്യമാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രകടമായ സംഘടനാദൗർബല്യം പലേടത്തും ആവർത്തിച്ചെങ്കിലും രാഹുൽ തരംഗവും ന്യൂനപക്ഷധ്രുവീകരണവും അതിനെ മറികടക്കുമെന്നാണ് പ്രതീക്ഷ. രാഹുലിനെതിരായ ബി.ജെ.പിയുടെ വർഗ്ഗീയപ്രചാരണങ്ങൾ ന്യൂനപക്ഷങ്ങളെ ഇവിടെ തങ്ങൾക്ക് അനുകൂലമാക്കിയെന്നാണ് കണക്കുകൂട്ടൽ. 20 - 20 അവകാശപ്പെട്ട അവർക്ക് കഴിഞ്ഞ തവണത്തെ 12 സീറ്റിൽ കൂടുതൽ നേടാനായില്ലെങ്കിൽ രാഹുൽ വന്നിട്ടും ഫലമുണ്ടായില്ലെന്ന ആക്ഷേപം വരാം. രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷമാകുമെന്നാണ് അവകാശവാദം. അത് രണ്ട് ലക്ഷമെങ്കിലും എത്തിയില്ലെങ്കിലും ക്ഷീണമാണ്.

ബി. ജെ. പിക്ക് ശബരിമലയിൽ പ്രതീക്ഷ

ഇത്തവണയെങ്കിലും അക്കൗണ്ട് തുറന്നില്ലെങ്കിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കേന്ദ്രനേതൃത്വത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല. ചോദിച്ചതെല്ലാം തന്നിട്ടും എന്തേ ഫലമുണ്ടാക്കിയില്ലെന്ന ചോദ്യം വലയ്ക്കും. മറ്റ് ഗവർണർമാർക്കൊന്നും കിട്ടാത്ത ഇളവ് കുമ്മനത്തിന് ലഭിച്ചതും സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. ഒരു സീറ്റെങ്കിലും നേടിയാൽ ശബരിമലവിവാദത്തെ തീവ്രഹിന്ദുത്വ വികാരമുണർത്താനുള്ള ആയുധമാക്കിയതിന് ഫലമുണ്ടായെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാം. ഉത്തരേന്ത്യൻ പരീക്ഷണം കേരളത്തിലും വിജയിച്ചെന്ന് വാദിക്കാം. മറിച്ചായാൽ പ്രബുദ്ധകേരളം അതിന് നിന്നുകൊടുത്തില്ലെന്ന് ഇടതുപക്ഷം വാദിക്കും.

എക്‌സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ജയപ്രതീക്ഷ പ്രവചിച്ചിട്ടുണ്ടെങ്കിലും രാജഗോപാലിന് കിട്ടിയ സ്വീകാര്യതയോ സഹതാപവികാരമോ കുമ്മനത്തിന് ലഭിച്ചോ എന്ന സംശയം ബി.ജെ.പിക്കുമുണ്ട്. ശക്തമായ ന്യൂനപക്ഷ ധ്രുവീകരണത്തെ ഹിന്ദുവോട്ട് കൊണ്ട് മാത്രം ബി.ജെ.പിക്ക് മറികടക്കാനായാൽ വൻനേട്ടമാകും. പത്തനംതിട്ടയിലും തൃശൂരിലും അത് പ്രതീക്ഷിക്കാതില്ല. ഇടത്, വലത് മുന്നണികളിൽ നിന്ന് അടിയൊഴുക്ക് കാണുന്നു. അതിലേറെയും ഇടതിൽ നിന്നാകുമെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. ബംഗാളിൽ ഇടതിന്റെ സ്ഥാനം കൈയടക്കിയത് പോലെ ഇവിടെയുമായെന്ന് സ്ഥാപിക്കണം.