തിരുവനന്തപുരം:പാക് ഭീകര ക്യാമ്പുകളെ ഉൾപ്പെടെ കൂരിരുട്ടുള്ള രാത്രിയിലും പെരുമഴയത്തും കണ്ണടയ്ക്കാതെ നിരീക്ഷിക്കാനും ചിത്രങ്ങൾ പകർത്താനും ശേഷിയുള്ള ബഹിരാകാശ റഡാർ ഉപഗ്രഹമായ ആർ.ഐ സാറ്റ് 2 ബി (റിസാറ്റ്) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പുലർച്ചെ 5.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി സി 46 റോക്കറ്റിലായിരുന്നു വിക്ഷേപണം.ഭാവിയിൽ റിസാറ്റ് പരമ്പരയിൽ ആറ് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.
ഇസ്രയേൽ നിർമ്മിത സിന്തറ്റിക് അപ്പർച്ചർ റഡാറാണ് ആർ.ഐ സാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഏത് കാലാവസ്ഥയിലും റഡാർ വ്യക്തമായി പ്രവർത്തിക്കും. സാധാരണ നിരീക്ഷണ ഉപഗ്രഹങ്ങളിൽ ഒപ്ടിക്കൽ ഇമേജറുകളാണ് ഉപയോഗിക്കുക. എത്ര സൂക്ഷ്‌മമായ ഒപ്ടിക്കൽ ഇമേജറിനും പ്രവർത്തിക്കാൻ ചെറിയ പ്രകാശം വേണം. സിന്തറ്റിക് അപ്പർച്ചർ റഡാറിന് പ്രകാശം വേണ്ട.
2008ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷമാണ് ഇസ്രയേൽ നിർമ്മിത നൂതന റഡാർ അടങ്ങിയ ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത്. റിസാറ്റ് പരമ്പരയിലെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് 2016ലെ സർജിക്കൽ സ്‌ട്രൈക്കും ഈ വർഷം ബാലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യ ആസൂത്രണം ചെയ്‌തത്.
പി.എസ്.എൽ.വിയുടെ 48-ാം ദൗത്യമാണിത്. സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകൾ ഇല്ലാതെ പി.എസ്.എൽ.വിയുടെ 14-ാമത്തെ വിക്ഷേപണമാണിത്
പ്രത്യേകതകൾ
ഭാരം 615കിലോ
ആയുസ് അഞ്ച് വർഷം
555 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥം
ഭൂമിയിലെ ഏത് വസ്‌തുവിന്റെയും ചിത്രങ്ങൾ പകർത്തും.
അധിനിവേശ കാശ്‌മീരിലെ ഭീകരകേന്ദ്രങ്ങൾ നിരീക്ഷിക്കും
നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റങ്ങൾ പരിശോധിക്കും
പ്രളയം, ചുഴലിക്കൊടുങ്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭങ്ങൾ കണ്ടെത്തും
ഐ.എസ്.ആർ.ഒയുടെ ദുരന്ത നിവാരണ ശേഷി വർദ്ധിപ്പിക്കും.
കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കും