nadaswaram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര കലാപീഠം നടത്തിവരുന്ന വാദ്യമേള കോഴ്സുകൾക്ക് സർവകലാശാല അഫിലിയേഷൻ കിട്ടാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. ചൊവ്വാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും മറ്റു ചില കാരണങ്ങളാൽ പരിഗണിക്കാനായില്ല.

വൈക്കം മഹാദേവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ കേന്ദ്രത്തിലാണ് ഇപ്പോൾ നാഗസ്വരം, തകിൽ,പഞ്ചവാദ്യം കോഴ്സുകൾ നടത്തുന്നത്. മൂന്ന് വർഷമാണ് കോഴ്സുകളുടെ കാലാവധി. ആറ്റിങ്ങൽ വലിയകോയിക്കൽ കൊട്ടാരം കെട്ടിടത്തിലും ഇതേ ക്ളാസുകൾ തുടങ്ങും. അധിക ബാച്ച് തുടങ്ങുന്നതും ആലോചനയിലുണ്ട്. പഞ്ചവാദ്യത്തിന് 30 പേർക്കും മറ്റ് രണ്ട് കോഴ്സുകൾക്കും 15 പേർക്കുവീതവുമാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. കലാപീഠത്തിൽ നിന്ന് കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒഴിവു വരുന്ന മുറയ്ക്ക് നിയമനം നൽകിയിരുന്നു.

എന്നാൽ ദേവസ്വം നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് വിട്ടതോടെയാണ് കോഴ്സുകൾക്ക് സർവകലാശാല തലത്തിലുള്ള അംഗീകാരത്തിന് ശ്രമിക്കുന്നത്. അംഗീകാരം കിട്ടിയാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് പുറമേ സ്വകാര്യ ക്ഷേത്രങ്ങളിലും തൊഴിലവസരങ്ങൾ കിട്ടും. നേരത്തെ ആറ്റിങ്ങൽ വലിയകോയിക്കൽ കൊട്ടാരത്തിലാണ് ക്ഷേത്രകലാപീഠം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇത് വൈക്കത്തേക്ക് മാറ്റി. വൈക്കത്തെ കേന്ദ്രം അടച്ചുപൂട്ടാൻ നീക്കമുള്ളതായുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ് ഭാരവാഹികൾ വ്യക്തമാക്കി.

#മാസ്റ്റർ പ്ളാൻ ചർച്ച ചെയ്യാൻ 25 ന് യോഗം

ശബരിമലയിലെയും പമ്പയിലെയും പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ളാനിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹൈപവർ കമ്മിറ്റി 25 ന് തിരുവനന്തപുരം ഗസ്റ്ര് ഹൗസിൽ യോഗം ചേരും.ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, വനം, റവന്യൂ, പൊതുമരാമത്ത്, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ,പൊലീസ് തുടങ്ങിയ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുക്കും.