തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറുകയോ, പറ്റിക്കുകയോ ചെയ്താൽ കൈയോടെ പിടികൂടാൻ പുത്തൻ ആപ്പ് വരുന്നു. ടാക്സി, ആട്ടോ, ബസ് യാത്രക്കാരെ 24 മണിക്കൂറും മോട്ടോർ വെഹിക്കിൾ കൺട്രോൾ റൂമുമായും പൊലീസുമായും ബന്ധിപ്പിക്കുന്ന ആപ്പ് വികസിപ്പിച്ചത് ഐ.ടി മിഷന്റെ സ്റ്റാർട്ടപ്പ് സംരംഭമാണ്. മോട്ടോർ വാഹന വകുപ്പ് അനുമതി നൽകിയ ആപ്പ്
ഉടൻ പ്ളേസ്റ്റോറിൽ ലഭ്യമാകും. മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ആപ്പിന്റെ ഫീച്ചേഴ്സ് പ്രദർശനം നടന്നു. കല്ളട ബസിൽ വച്ച് യാത്രക്കാരന് മർദ്ദനമേറ്റ സംഭവത്തെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ആപ്പ് ഒരുക്കാൻ തീരുമാനിച്ചത്.
ആപ്പിന്റെ ഉപയോഗം
ആട്ടോ, ടാക്സി എന്നിവയ്ക്ക് സർക്കാർ എത്രയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്ന് ആപ്പിലൂടെ അറിയാം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പോകേണ്ട സ്ഥലത്തേക്കുള്ള എളുപ്പ വഴി, ആകെ ദൂരം, വേണ്ട സമയം എന്നിവ അറിയാനാകും. യാത്ര തുടങ്ങി അവസാനിക്കുമ്പോൾ കൃത്യമായ ചാർജ് മൊബൈലിൽ തെളിയും. അമിതകൂലി ആവശ്യപ്പെട്ടാൽ വിവരം ആപ്പിലൂടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ അറിയിക്കാം
യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാൽ ആപ്പിലെ പാനിക് ബട്ടൺ അമർത്താം. അഞ്ച് മിനിട്ടിനകം സംഭവ സ്ഥലത്ത് പൊലീസ് എത്തും. അമിത വേഗത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇവ കണ്ടാൽ മൊബൈൽ ഫോണിൽ ഫോട്ടോയോ വീഡിയോയോ എടുത്ത് ആപ്പിലൂടെ പരാതിപ്പെടാം.
ദീർഘദൂര യാത്രയ്ക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം. ദൂരവും നിരക്കുകളും സ്റ്റോപ്പുകളു ഉൾപ്പെടെയുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. കെ.എസ്.ആർ.ടി.സി ജീവനക്കാരെക്കുറിച്ചുള്ള പരാതികളും അറിയിക്കാം.
മികച്ച ഡ്രൈവറെ കണ്ടെത്താം
മാന്യമായി പെരുമാറുന്ന ആട്ടോ, ടാക്സി ഡ്രൈവർക്ക് സ്കോർ നൽകാനുള്ള സംവിധാനവും ആപ്പിലുണ്ടാകും. യാത്രക്കാരുടെ സംതൃപ്തിക്ക് അനുസരിച്ച് 5 സ്റ്റാർ വരെ നൽകാം. ഇത് മറ്റ് യാത്രക്കാർക്ക് മെച്ചപ്പെട്ട ഡ്രൈവറെ കണ്ടെത്തുന്നതിന് പ്രയോജനപ്പെടും.