തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പൊലീസ് അസോസിയേഷൻ മുൻ നേതാക്കൾക്കെതിരെ കേസെടുത്തതെന്ന് ആക്ഷേപം. അടുത്തമാസം 27ന് നടത്തുന്ന സംഘം തിരഞ്ഞെടുപ്പിന്റെ തിരിച്ചറിയൽ കാർഡ് വിതരണത്തിന് പുറമെ നിന്നുള്ളവരെ ചുമതലപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത്, ആർ.ജി. ഹരിലാൽ എന്നിവർക്കെതിരെ കേസെടുത്തതെന്നാണ് ആക്ഷേപം. സംഘം ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാൽ അതിക്രമിച്ചു കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ജി.ആർ. അജിത് അറിയിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, വിതരണം പുറത്തുനിന്നുള്ളവരെ ഏല്പിച്ചത് ചോദ്യം ചെയ്തതിനാണ് ഇടതു നേതാക്കളുടെ സമ്മർദ്ദപ്രകാരം കേസെടുത്തതെന്ന് അജിത് വിശദീകരിച്ചു. സംഘത്തിലുണ്ടായ സംഭവങ്ങളുടെ കാമറാ ദൃശ്യങ്ങൾ സിറ്റി പൊലീസ് കമ്മിഷണറെ കാണിച്ചിട്ടാണ് കേസെടുത്തതെന്നും അജിത് പറഞ്ഞു.
കോൺഗ്രസ് പക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന സംഘം ഭരണസമിതി, പൊതുയോഗത്തിന്റെ അജൻഡ പാസാക്കിയില്ലെന്ന കാരണത്താൽ 2017 ഡിസംബറിൽ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഘം വൈസ് പ്രസിഡന്റായിരുന്ന ആർ.ജി. ഹരിലാലിനെ ചെയർമാനാക്കി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഹൈക്കോടതി നിയോഗിച്ചു. ആറുമാസം കാലാവധിയുണ്ടായിരുന്ന സമിതിക്ക് സഹകരണ വകുപ്പ് തുടർച്ചാനുമതി നൽകാത്തതിനാൽ കഴിഞ്ഞ ആറുമാസം സെക്രട്ടറിയുടെ ഭരണത്തിലായിരുന്നു സംഘം. തിരഞ്ഞെടുപ്പ് നടത്താനായി അസി. രജിസ്ട്രാറെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സഹകരണവകുപ്പിലെ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിനെയാണ് സർക്കാർ നിയോഗിച്ചത്.
മുൻ ഭരണസമിതി വിതരണം ചെയ്ത ബാർ കോഡുള്ള ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകൾ ജോയിന്റ് രജിസ്ട്രാർ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ പുതിയ കാർഡ് വിതരണം ചെയ്യാൻ ശ്രമിച്ചതാണ് ചോദ്യം ചെയ്തതെന്നും അജിത് അറിയിച്ചു.