തിരുവനന്തപുരം : നഗരത്തിൽ മിക്കയിടത്തും കുടിവെള്ള ദൗർലഭ്യം രൂക്ഷമായിട്ടും വാട്ടർ അതോറിട്ടി അനങ്ങിയില്ലെന്നു ഭരണ- പ്രതിപക്ഷ കൗൺസിലർമാർ. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് വാട്ടർ അതോറിട്ടിക്കെതിരെ കൗൺസിലർമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഏറ്റെടുക്കുന്ന പ്രവർത്തനം സമയ ബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൗൺസിലർമാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ ആവശ്യപ്പെട്ടു. പ്രതിഷേധമുയരുമ്പോൾ മാത്രമാണ് കുടിവെള്ള വിതരണം ജല അതോറിട്ടി നടത്തുന്നതെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ പാളയം രാജൻ ആരോപിച്ചു. വാട്ടർ അതോറിട്ടിക്ക് സമാനമായാണ് കെ.എസ്.ഇ.ബിയും പ്രവർത്തിക്കുന്നതെന്നും ജൂൺ 30ന് മുമ്പ് തെരുവു വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റിയില്ലെങ്കിൽ സമരം നടത്തുമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.അനിൽകുമാർ അറിയിച്ചു. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ മുളവന - കണ്ണമ്മൂല റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നുവെന്നും ജല അതോറിട്ടിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും കണ്ണമ്മൂല കൗൺസിലർ ആർ. സതീഷ്കുമാർ ആരോപിച്ചു. കിള്ളിയാർ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണം പാർട്ടി പരിപാടിയാക്കിയെന്ന ബി.ജെ.പി കൗൺസിലർ തിരുമല അനിലിന്റെ പരാമർശം മേയറെ രോഷാകുലനാക്കി. തുടർന്ന് നേരിയ തർക്കമുണ്ടായി. എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ചട്ടങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫും പറഞ്ഞു.
ഉപയോഗിക്കാതെ നശിച്ച വാഹനങ്ങൾ ലേലം ചെയ്യുന്നു
കോടികൾ മുടക്കി വാങ്ങിയ ശേഷം ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കാറായ 18 വാഹനങ്ങൾ നഗരസഭ ലേലം ചെയ്യുന്നു. 2011 ൽ വിളപ്പിൽശാല മാലിന്യ പ്ളാന്റ് പൂട്ടിയതിനെ തുടർന്ന് മാലിന്യ നീക്കം നിലച്ചപ്പോൾ അന്നു മുതൽ മഴയും വെയിലുമേറ്റ് കിടക്കുന്ന 13 ടിപ്പർ ലോറികളുൾപ്പെടെയുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ഇതിന് കൗൺസിൽ അംഗീകാരം നൽകി. 15 വർഷം കഴിഞ്ഞുവെന്നും 1,50,000 കിലോമീറ്റർ ഓടിയെന്നുമുളള കാരണങ്ങൾ പറഞ്ഞാണ് ലേലം ചെയ്യുന്നത്. ലേലം ചെയ്യാനുദ്ദേശിക്കുന്ന വാഹനങ്ങളുടെ വാലുവേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 2016 ആഗസ്റ്റിൽ നഗരസഭ പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗത്തെ സമീപിച്ചിരുന്നു. എന്നാൽ വാഹനങ്ങൾക്ക് 15 വർഷത്തെ പഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി നഗരസഭയുടെ ആവശ്യം പി.ഡബ്ളിയു.ഡി തള്ളിയിരുന്നു. നഗരത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വിളപ്പിൽശാലയിലെ പ്ളാന്റിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടിയാണ് ടിപ്പറുകൾ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് പ്ളാന്റ് പൂട്ടിയതിനെ തുടർന്ന് ഒരു കിലോമീറ്റർ പോലും ഈ ലോറികൾ സർവീസ് നടത്തിയില്ല. തുരുമ്പെടുത്ത് പോകുന്ന സാഹചര്യം ഒഴിവാക്കാൻ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. തൈക്കാട് ശാന്തി കവാടം, ഫോർട്ട് ഗാരേജ് എന്നിവിടങ്ങളിലായി ഒതുക്കിയിട്ടിരുന്ന വാഹനങ്ങളുടെ പല സ്‌പെയർ പാർട്സുകളും ഇതിനിടെ മോഷണവും പോയി. ഈ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.