ku

തിരുവനന്തപുരം: എൽ എൽ.ബി പരീക്ഷയിൽ തോറ്റ വിഷയത്തിന് പുനർമൂല്യനിർണയത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ചതായി വ്യാജരേഖയുണ്ടാക്കിയത് കേരള സർവകലാശാല പരീക്ഷാവിഭാഗം കൈയോടെ പിടികൂടി. തിരുവനന്തപുരം ഗവ. ലാ കോളജിലെ അവസാന വർഷ എൽ എൽ.ബി വിദ്യാർത്ഥിയായ എസ്.എഫ് ഐ നേതാവാണ് അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചതായി രേഖയുണ്ടാക്കിയത്. തോറ്റ പരീക്ഷയുടെ ഉത്തരപേപ്പർ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിരുന്നെങ്കിലും മാർക്കിൽ മാറ്റമില്ലെന്നാണ് അറിയിപ്പ് കിട്ടിയത്. എന്നാൽ മാർക്ക് വർദ്ധിച്ചതായി രേഖയുണ്ടാക്കി പരീക്ഷാഭവനിൽ എത്തിയതോടെ പരീക്ഷാവിഭാഗത്തിന് സംശയമായി. ഇതോടെ മാർക്ക് വർദ്ധന രേഖപ്പെടുത്തിയ മെമ്മോ പുനഃപരിശോധനാ വിഭാഗത്തിലേക്ക് കൈമാറി. ഇതോടെയാണ് മെമ്മോ വ്യാജമാണെന്ന് വ്യക്തമായത്. സർവകലാശാലാ രേഖകളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽ നിന്നു വിലക്കണമെന്നുമാണ് ചട്ടം. എന്നാൽ സംഭവം പുറത്തറിയാതെ ഒതുക്കാനാണ് സർവകലാശാലയിലെ ചിലർ ശ്രമിച്ചത്. ലാ കോളജിൽ അക്രമം നടത്തുകയും വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തതിന്റെ പേരിൽ ഇൗ എസ്.എഫ്.ഐ നേതാവിനെ കോളേജ് കൗൺസിൽ തീരുമാനപ്രകാരം നിർബന്ധിത വിടുതൽ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞ വർഷം കോളജിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സർവകലാശാലാ സിൻഡിക്കേറ്റിന്റെ നിർബന്ധത്തിന് വഴങ്ങി പ്രിൻസിപ്പൽ ഇയാൾക്ക് പുനഃപ്രവേശനം നൽകുകയായിരുന്നു. വ്യാജരേഖ സമർപ്പിച്ച് സർവകലാശാലയെ കബളിപ്പിക്കാൻ ശ്രമിച്ചതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥർ ശുപാർശ ചെയ്തെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ഉന്നതർ ഇടപെട്ടതായാണ് സൂചന.