india-world-cup-cricket
india world cup cricket

# ലോകകപ്പിനായി ഇന്ത്യൻ ടീം ഇംഗ്ളണ്ടിലേക്ക്

# ടീം പൂർണ സജ്ജമെന്ന് വിരാട് കൊഹ്‌ലി

ലോകകപ്പ് തേടി വിരാട് കൊഹ്‌ലിയും സംഘവും ഇന്ന് ഇംഗ്ളണ്ടിലേക്ക് യാത്ര തിരിക്കുന്നു. ജൂൺ 5 ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുമ്പ് ന്യൂസിലൻഡുമായും ബംഗ്ളാദേശുമായും സന്നാഹ മത്സരങ്ങൾ കളിക്കും. ലോകകപ്പിനുള്ള യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും മാദ്ധ്യമങ്ങളെ കണ്ടിരുന്നു. ടീമിന്റെ തയ്യാറെടുപ്പുകളെയും ഇംഗ്ളണ്ടിലെ വെല്ലുവിളികളെയും കുറിച്ച് ഇരുവരും നടത്തിയ പ്രതികരണങ്ങളിലേക്ക്...

മുംബയ് : ഇംഗ്ളണ്ടിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പൂർണ സജ്ജമാണെന്ന് നായകൻ വിരാട് കൊഹ്‌ലി പത്രസസമ്മേളനത്തിൽ പറഞ്ഞു. കേദാർ യാദവ് പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയെന്നറിയിച്ച കൊഹ്‌ലി കുൽദീപിന്റെ മോശം ഫോം ഇംഗ്ളണ്ടിൽ മാറുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ടൂർണമെന്റിൽ നടപ്പിലാക്കുന്ന റൗണ്ട് റോബിൻ ലീഗ് സമ്പ്രദായം ആവേശം പകരുമെന്നും മറ്റേത് ലോകകപ്പിനെക്കാളും വെല്ലുവിളി ഇന്ത്യ നേരിടുന്നത് ഇത്തവണയായിരിക്കുമെന്നും നായകൻ വ്യക്തമാക്കി.

വിരാടിന്റെ വാക്കുകൾ

മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് ഈ ലോകകപ്പിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന ഏക കാര്യം. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി മികച്ച കളി കാഴ്ചവയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. നല്ല കളി പുറത്തെടുത്താൽ ഫലം പിന്നാലെ വരുമെന്നതാണ് യാഥാർത്ഥ്യം.

ഞങ്ങൾ സന്തുലിതവും ശക്തവുമായ ടീമാണ്. ലോകകപ്പ് ടീമിലുള്ളവർ ഐ.പി.എല്ലിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അതുകൊണ്ടുതന്നെ ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകകപ്പിനായി നേരത്തേ ഇംഗ്ളണ്ടിലേക്ക് തിരിക്കുന്നത് ടീമിന് ഗുണം ചെയ്യും. ഇംഗ്ളണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കാൻ പോകുന്നതിനോളം ബുദ്ധിമുട്ടുണ്ടാവില്ല ഏകദിന ടൂർണമെന്റിന് പോകുന്നത്. പക്ഷേ സമ്മർദ്ദ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ഇംഗ്ളീഷ് ഗ്രൗണ്ടുകളെ അത്രയ്ക്ക് ഭയക്കേണ്ട കാര്യമില്ല.

ഐ.പി.എല്ലിനിടയിലും 50 ഓവർ ഫോർമാറ്റിൽ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പരിശീലനം. ഐ.പി.എല്ലിൽ ഇത്രയധികം മത്സരങ്ങൾ കഴിഞ്ഞിട്ടും ബൗളർമാർ ഫ്രഷമാണ്. ലോകകപ്പിനായി അവർ ശാരീരികമായും മാനസികമായും തയ്യുാറെടുത്തു കഴിഞ്ഞു.

ഏതൊരു കളിക്കാരനും കരിയറിൽ അത്രയധികം തിളങ്ങാനാകാത്ത ഒരു കാലഘട്ടമുണ്ടാകും. അത് മാത്രം വച്ച് അയാളെ വിലയിരുത്താനാകില്ല. നമ്മുടെ ഭാഗ്യത്തിന് കുൽദീപിന് ഐ.പി.എല്ലിനിടയിലാണ് ഫോം നഷ്ടപ്പെട്ടത്. ലോക കപ്പിൽ അത് വീണ്ടെടുക്കാവുന്നതേയുള്ളൂ. കുൽദീപ് ചഹലും ഇന്ത്യൻ സ്പിൻ ബൗളിംഗിന്റെ അഭിമാന സ്തംഭങ്ങളാണ്.

കേദാർ യാദവ് ഐ.പി.എല്ലിനിടയിലെ പരിക്ക് ഭേദമായി തിരിച്ചെത്തിക്കഴിഞ്ഞു. ഐ.പി.എല്ലിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല എന്നതിൽ നിരാശയില്ല. ഏകദിനത്തിന് യോജിച്ച കളിക്കാരനാണ് കേദാർ. ടീമിലെ എല്ലാവരും ആത്മവിശ്വാസമുള്ളവരാണ്.

ലോകകപ്പ് ഇംഗ്ളണ്ടിലെ വേനൽക്കാലത്താണ് നടക്കുന്നത്. ഇന്ത്യയിലേതുപോലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചുകളാകും ഒരുക്കുക. വലിയ സ്കോറുകൾ ഉയരുന്ന മത്സരങ്ങൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ ടീമുകൾക്കും ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ലോകകപ്പായിരിക്കും ഇത്. പതിവുപോലെ ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിലാണ് പ്രാഥമിക റൗണ്ട് നടക്കുന്നത്. ഇപ്പോൾ ഗ്രൂപ്പിൽ ശക്തന്മാരും ദുർബലരുമില്ല. എല്ലാവരും തുല്യശക്തികളാണ്. വിലയിരുത്താവുന്നവർ. തങ്ങളുടേതായ ദിവസത്തിൽ ആർക്കും ആരെയും കീഴടക്കാം. എല്ലാ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. അതുതന്നെയാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ ആവേശവും.

ശാസ്ത്രീയ നിരീക്ഷണങ്ങൾ

ലോകകപ്പിനെക്കുറിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ

അവസരവും സമ്മർദ്ദവും

കപ്പ് നേടാൻ ഇന്ത്യയ്ക്ക് മികച്ച അവസരമാണിത്. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ഈ ടീം കാഴ്ച വച്ച പ്രകടനത്തെ വിലയിരുത്തുമ്പോൾ മികവ് മനസിലാക്കാൻ കഴിയും. മികവ് സ്ഥിരമായി നിലനിറുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലോകകപ്പെന്നു കരുതി തന്ത്രങ്ങളിൽ പ്രത്യേക മാറ്റം വരുത്തേണ്ട കാര്യമില്ല. ലോകകപ്പ് ഒരു പ്രധാന ഘട്ടം തന്നെയാണ്. പക്ഷേ ആ ഘട്ടം നന്നായി ആസ്വദിക്കേണ്ടതാണ്. സമ്മർദ്ദത്തിന്റെ ആവശ്യമില്ല. ടെൻഷനിൽ നിന്നൊഴിഞ്ഞ് സ്വതസിദ്ധമായ പ്രകടനം പുറത്തെടുത്താൽ കപ്പ് ഇന്ത്യയിലേക്കെത്തും.

എല്ലാവരും ഫേവറിറ്റുകൾ

വിരാട് സൂചിപ്പിച്ചതുപോലെ ഈ ലോകകപ്പിൽ എല്ലാ ടീമുകളും തുല്യ ശക്തികളാണ്. 2015 ലെയും ഈ ലോകകപ്പിലെയും ടീമുകളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ദുർബലരെന്നും അതിശക്തരെന്നും പറഞ്ഞ് ആരെയും മാറ്റിനിറുത്താനാകില്ല. വെസ്റ്റ് ഇൻഡീസായാലും ബംഗ്ളാദേശായാലും പഴയ രൂപത്തിൽ അവരെ വിലയിരുത്താനാവില്ല. വിൻഡീസ് ടീം കടലാസിലെങ്കിലും ഇപ്പോൾ കരുത്തരാണ്. ഐ.പി.എല്ലിൽ ചില കരീബിയൻ താരങ്ങളുടെ വെടിക്കെട്ട് പ്രകടനവും നമ്മൾ കണ്ടു. ഒൻപത് മത്സരങ്ങൾ പ്രാഥമിക റൗണ്ടിലുണ്ട്. രണ്ടോ മൂന്നോ മത്സരങ്ങൾ കൊണ്ട് നോക്കൗട്ടിലേക്ക് കടക്കേണ്ടതില്ല എന്നത് ആശ്വാസമാണ്.

ഐ.പി.എൽ പ്ളേ ഒഫ് പോലെ

ഐ.പി.എല്ലിനും ഈ ലോകകപ്പിനും ഫോർമാറ്റുകളിൽ സാമ്യമുള്ളതുപോലെ തോന്നുന്നു. ഐ.പി.എല്ലിൽ ഗ്രൂപ്പ് റൗണ്ടിനുശേഷം പ്ളേ ഓഫാണ്. ലോകകപ്പിൽ സെമി ഫൈനലുകളും പ്രാഥമിക റൗണ്ട് കഴിഞ്ഞ് നേരേ ക്വാർട്ടറിലേക്ക് എത്തുന്ന ഫോർമാറ്റാണെങ്കിൽ ഒരു ദിവസത്തെ മോശം പ്രകടനത്തിന്റെ പേരിൽ നിങ്ങളുടെ ലോകകപ്പ് അവസാനിക്കും. ഇപ്പോൾ നല്ല ഭാഗ്യമുണ്ടെങ്കിലേ സെമിയിലേത്താനാകൂ.

ഇംഗ്ളീഷ് സാഹചര്യങ്ങൾ
സാഹചര്യങ്ങൾ എങ്ങനെയാണോ അതിന് അനുസൃതമായി മാറുക എന്നതാണ് ഞങ്ങളുടെ തന്ത്രം. ഇംഗ്ളണ്ടിലും ബാറ്റിംഗിന് അനുകൂലമായ പിച്ചുകളാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഓരോ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമാകും. അത് മനസിലാക്കി കളിക്കേണ്ടതുണ്ട്.

ബൗളിംഗ് ശേഷി

ഈ ടീമിൽ പുതിയ ബൗളർമാർ ആരുമില്ല. എല്ലാവരും പരിചയ സമ്പന്നർ. കഴിഞ്ഞ നാലഞ്ചു വർഷമായി ഒരുമിച്ച് കളിക്കുന്നവർ. പരസ്പര പൂരകങ്ങളായി കളിക്കാൻ കഴിയുന്നവർ. ഫ്ളാറ്റ് പിച്ചുകളിൽ വമ്പൻ സ്കോറുകൾ പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിയും.

ധോണിയും സാന്നിദ്ധ്യം

ടീമിൽ സുപ്രധാനമായ സ്ഥാനമാണ് ധോണിക്ക്. ഏത് സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ധോണിക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. വിരാടും ധോണിയും തമ്മിലുള്ള മാനസിക ഐക്യം വളരെ മികച്ചതാണ്. വിക്കറ്റ് കീപ്പറെന്ന നിലയിൽ ഈ പ്രായത്തിലും ധോണിയുടെ ഏഴയലത്ത് എത്താൻ ശേഷിയുള്ളവരാരുമില്ല.

ഇന്ത്യൻ ടീം

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്ടൻ), ശിഖർ ധവാൻ, മഹേന്ദ്രസിംഗ് ധോണി (വിക്കറ്റ് കീപ്പർ), കേദാർ യാദവ്, രവീന്ദ്ര ജഡേജ, ദിനേഷ് കാർത്തിക്, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹാർദിദ് പാണ്ഡ്യ, കെ.എൽ. രാഹുൽ, വിജയ് ശങ്കർ, ജസ്‌പ്രീത് ബുംറ.