തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 25കിലോ സ്വർണം കടത്തിയ സംഘത്തിന് ഹവാലാ ഇടപാടുമുണ്ടെന്ന് ഡി.ആർ.ഐ കണ്ടെത്തി. കേരളത്തിൽ നിന്ന് കോടിക്കണക്കിന് വിദേശകറൻസി ഈ സംഘം ദുബായിലെത്തിച്ചിട്ടുണ്ട്. പ്രധാന ഇടനിലക്കാരൻ അഡ്വ. ബിജുവിന്റെ ഭാര്യ വിനീത നിരവധി തവണ വിദേശകറൻസി കടത്തിയതായി ഡി.ആർ.ഐ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. ഇവരെ പ്രതിചേർത്തിട്ടുണ്ട്. ആർക്കുവേണ്ടിയാണ് വിദേശകറൻസി കടത്തെന്ന് കണ്ടെത്തേണ്ടതുണ്ട്. വടക്കൻ ജില്ലകളിലെ ഹവാലാ മാഫിയയ്ക്ക് ഇവരുമായി ബന്ധമുണ്ടെന്നും ഡി.ആർ.ഐ സംശയിക്കുന്നു. ഹവാലാ പണം ദുബായിലെത്തിച്ച് തിരികെ സ്വർണം കൊണ്ടുവരുന്നതായിരുന്നു രീതി.
സ്വർണക്കടത്തിനു പിന്നിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലിയ സംഘം പ്രവർത്തിക്കുന്നതായും കണ്ടെത്തി. ഇവർക്ക് ലക്ഷങ്ങളാണ് കൈക്കൂലി. മുഖ്യപ്രതി സെറീനയടക്കമുള്ളവർ സ്വർണം കടത്തിയ ദിവസങ്ങളിലെല്ലാം ചില കസ്റ്റംസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ പിന്തുണയില്ലാതെ 25 കിലോ സ്വർണം ഹാൻഡ് ബാഗിൽ കൊണ്ടുവരാനാവില്ലെന്നാണ് ഡി.ആർ.ഐ വ്യക്തമാക്കുന്നത്. അറസ്റ്റിലായ ബ്യൂട്ടീഷ്യൻ സെറീനയുമായി കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ അടുത്ത ബന്ധം പുലർത്തിയിരുന്നതിന്റെ വിവരങ്ങളും ഡി.ആർ.ഐക്ക് ലഭിച്ചു.
വിമാനത്താവളത്തിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നത് തുടരുകയാണ്.
അതേസമയം, തിരുവനന്തപുരത്തെ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ ചോദ്യംചെയ്തെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഡി.ആർ.ഐ കടന്നിട്ടില്ല. ഇവരെ രക്ഷിക്കാൻ കേരളത്തിനു പുറത്തുനിന്നുള്ള സമ്മർദ്ദമുണ്ടെന്നാണ് സൂചന. തെളിവുകൾ കിട്ടിയിട്ടും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ വീടുകളിൽ നടത്തിയ തെരച്ചിലിൽ സുപ്രധാന രേഖകൾ കണ്ടെത്തിയിരുന്നു.
കടത്തലിന് സുന്ദരികൾ
സുന്ദരികളായ സ്ത്രീകളെ മുൻനിറുത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കടത്തൽ സംഘം ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് സൂചന. ഡി.ആർ.ഐയ്ക്ക് സൂചന ലഭിച്ചാൽ കുറച്ച് കാലത്തേക്ക് മറ്റൊരു വിമാനത്താവളം വഴിയാകും സ്വർണം കടത്തൽ. ലഭിക്കുന്ന വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വാട്‌സ്ആപ്പിലൂടെ സ്വർണക്കടത്തുകാർക്ക് കൈമാറും. സ്വർണ കടത്തലിനായി ബിജുവിന്റെ നേതൃത്വത്തിൽ വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നതായും വിവരം ലഭിച്ചു.