ajaya

കിളിമാനൂർ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കിളിമാനൂരിലെ കോൺഗ്രസിന്റെ മുഖമായിരുന്ന ജയകുട്ടൻ അണ്ണൻ എന്ന് പ്രായഭേദമന്യേ എല്ലാവരും വിളിക്കുന്ന ആലപ്പാട്ട് ജയകുമാർ ഇലക്ഷൻ ഫലം വരും മുമ്പേ യാത്രയായി. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധയെ തുടർന്ന് വർക്കല മിഷൻ ഹോസ്പിറ്റലിൽ അന്തരിച്ച ജയകുമാറിന്റെ വിയോഗം താങ്ങാനാകാതെ വിതുമ്പുകയാണ് പാർട്ടി പ്രവർത്തകർ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എത്തിയ ജയകുമാർ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും നിറഞ്ഞ ചിരിയോടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന ജയകുമാർ അധികാരസ്ഥാനങ്ങൾ മോഹിക്കാത്ത ഒരു നേതാവായിരുന്നു. കിളിമാനൂരാണ് തന്റെ തട്ടകമെന്നും ഇവിടുള്ളവരെ സേവിക്കുകയാണ് തന്റെ കടമയെന്നും അദ്ദേഹം പറയുമായിരുന്നെന്ന് പ്രവർത്തകർ പറയുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാപകൽ ഭേദമന്യേ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം മികച്ച സംഘാടകനും ആയിരുന്നു. പലപ്പോഴും സ്വന്തം കീശയിലെ പൈസ മുടക്കിയാണ് പാർട്ടി പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നാളെ ഇലക്ഷൻ ഫലം വരുമ്പോൾ തങ്ങളുടെ ജയകുട്ടേട്ടൻ കൂടെയില്ലന്നോർത്തു സങ്കടപെടുകയാണ് പ്രവർത്തകർ. നിലവിൽ കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റും, മുൻ കിളിമാനൂർ പഞ്ചായത്തംഗവും, യൂത്ത് കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റുമായിരുന്നു. മുൻ എം.പി പീതാംബരക്കുറുപ്പ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. ഭാര്യ: നിഷ, മകൾ: പാർവതി, സഹോദരങ്ങൾ, ഉണ്ണികൃഷ്ണൻ നായർ (റിട്ട. എസ്.ഐ), രാജീവ് കുറുപ്പ് (ഐ.എസ്.ആർ.ഒ).