ലണ്ടൻ : ആതിഥേയരായ ഇംഗ്ളണ്ട് ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇയോൻ മോർഗൻ നയിക്കുന്ന ടീമിൽ ബാർബഡോസിൽ ജനിച്ച പേസർ ജൊഫ്ര ആർച്ചറെ ഉൾപ്പെടുത്തിയപ്പോൾ ഇടം കയ്യൻ പേസർ ഡേവിഡ് വില്ലേയേയും ബാറ്റ്‌സ്‌മാനും പാർട്ട്ടൈം സ്പിന്നറുമായ ജോ ഡെൻലേയെയും ഒഴിവാക്കി. ഇംഗ്ളണ്ടിന് വേണ്ടി മൂന്നേ മൂന്ന് ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ആർച്ചർ ഐ.പി.എല്ലിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നത്. ഓപ്പണർ അലക്സ് ഹേൽസ് ലഹരി വസ്തു ഉപയോഗിച്ചതിന് വിലക്കിലായതിനാൽ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. തോളിലെ പരിക്കിന് ചികിത്സയിലായിരുന്ന സ്പിന്നർ അദിൽ റഷീദിനെ ടീമിൽ നിലനിറുത്തിയിട്ടുണ്ട്.
ഇംഗ്ളണ്ട് ടീം : ഇയോൻ മോർഗൻ (ക്യാപ്ടൻ), മൊയീൻ അലി, ജൊഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ, ടോം കറാൻ, ലിയാം ഡാവ്സൺ, ലിയാം പ്ളങ്കറ്റ്, ആദിൽ റഷീദ്, ജോ റൂട്ട്, ജാസൺ റോയ്, ബെൻസ് സ്റ്റോക്സ്, ജെയിംസ് വിൻസ്, ക്രിസ് വോക്സ്, മാർക്ക് വുഡ്.
പാകിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇംഗ്ളണ്ട് സ്വന്തം മണ്ണിൽ ലോകകപ്പിനിറങ്ങുന്നത്. ഈ മാസം 30 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം.
ഇംഗ്ളണ്ടിനെ പിന്തുണച്ച് ലാറ
ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള ടീം ആതിഥേയർ തന്നെയെന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. ഒൻപത് മത്സരങ്ങൾ റൗണ്ട് റോബിൻ ലീഗിലുള്ളതിനാൽ സ്ഥിരതയാണ് ഏത് ടീമിനും സെമിയിലെത്താനുള്ള പ്രധാന ആയുധമെന്ന് ലാറ ചൂണ്ടിക്കാട്ടി. സ്വന്തം മണ്ണിൽ ടൂർണമെന്റ് നടക്കുന്നു എന്നത് ഇംഗ്ളണ്ടിനെ ആദ്യ കിരീടം നേടാൻ സഹായിക്കും. അതേ സമയം വെസ്റ്റ് ഇൻഡീസിന് ഇക്കുറി കിരീടം നേടാനാകുമെന്ന് കരുതുന്നില്ലെന്ന് ലാറ പറഞ്ഞു. എന്നാൽ ചില അതി ഗംഭീര പ്രകടനങ്ങൾക്കുള്ള സാദ്ധ്യത ഇപ്പോഴുമുണ്ടെന്നും ലാറ ചൂണ്ടിക്കാട്ടി.