national-youth-basketball

# പെൺകുട്ടികളിൽ കേരളത്തിന് സ്വർണം

# ആൺകുട്ടികളിൽ വെള്ളി

കോയമ്പത്തൂർ : ദേശീയ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സ്വർണം നേടിയപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ തോറ്റ് വെള്ളിയിലൊതുങ്ങി.

കോയമ്പത്തൂരിൽ പി.എസ്.ജി ടെക്നോളജി സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ കേരളം ആതിഥേയരായ തമിഴ്നാടിനെയാണ് കീഴടക്കിയത്. 79-69 എന്ന സ്കോറിനായിരുന്നു കേരള പെൺകൊടികളുടെ വിജയത്തേരോട്ടം. ആദ്യ ക്വാർട്ടറിൽ 20-14 ന് ലീഡ് ചെയ്ത കേരളം പിന്നീടുള്ള മൂന്ന് ക്വാർട്ടറുകളിലും മികച്ച ലീഡോടെ കിരീടം ഉറപ്പാക്കുകയായിരുന്നു. കേരളത്തിന് വേണ്ടി 39 പോയിന്റുകൾ നേടിയ ആൻ മരിയ സക്കറിയ മത്സരത്തിലെ ടോപ് സ്കോററായി., അലസ്‌ലിൻ ഷിജു 14 പോയിന്റും നേടി.

ആൺകുട്ടികളുടെ ഫൈനലിൽ ഹരിയായ 81-74 ന് കേരളത്തെ കീഴടക്കുകയായിരുന്നു. ആദ്യ രണ്ട് ക്വാർട്ടറുകളിലും കേരളം ഹരിയാനയ്ക്ക് ഒപ്പമായിരുന്നു. ആദ്യ ക്വാർട്ടറിൽ 17-17 നും രണ്ടാം ക്വാർട്ടറിൽ 51-51 നും ഇരു ടീമുകളും തുല്യതയിലായിരുന്നു. എന്നാൽ തുടർന്ന് വീര്യം നിലനിറുത്താൻ കേരളത്തിന് കഴിയാതെ പോയതോടെ ഏഴു പോയിന്റുകളുടെ വ്യത്യാസത്തിൽ ഹരിയാന കിരീടമുയർത്തി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻ മരിയ സക്കറിയ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപെട്ടു. ഇതാദ്യമായായാണ് ദേശീയ യൂത്ത് ബാസ്‌കറ്റ് ബാളിൽ കേരളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫൈനലിലെത്തുന്നത്.