1

നേമം: റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നതുമുതൽ വികസനം ഒച്ചിഴയും വേഗത്തിലായിരുന്നു. എന്നാൽ ഇപ്പോൾ വികസനത്തിനായി പച്ച സിഗ്നൽ ലഭിച്ചെങ്കിലും വികസനം യാഥാർത്ഥ്യമാക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കേണ്ടിയിരിക്കുന്നു. വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കുന്നതിനോടൊപ്പം പുതിയ ടെർമിനലിന്റെയും പണികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇലക്ഷന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിലൂടെ ടെർമിനലിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇതിന് ശേഷം ആഴ്ചകൾക്കുള്ളിൽ തന്നെ നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിനായി 148 കോടി രൂപയുടെ എസ്റ്റിമേറ്റിട്ടതിൽ 77.3 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ഒന്നാം ഘട്ട നിർമ്മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ യാതൊന്നും റെയിൽവേയുടെ ഭാഗത്തുനിന്നും ആരംഭിക്കാൻ സാധിക്കാത്തതാണ് ടെർമിനലിന്റെ നിർമ്മാണം നീളാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.