health

വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നു. കുട്ടികളുടെ ഭക്ഷണകാര്യത്തെക്കുറിച്ച് അമ്മമാർക്ക് വേവലാതി തുടങ്ങി. സ്കൂൾ കുട്ടികളുടെ ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും നല്ലൊരളവോളം സ്വാധീനിക്കുന്നുണ്ട്.

പ്രഭാത ഭക്ഷണം പ്രധാനം

ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് വേണ്ട ഊർജത്തിന്റെയും മറ്റു പോഷകങ്ങളുടെയും മൂന്നിൽ ഒന്ന് പ്രഭാത ഭക്ഷണത്തിൽ നിന്ന് ലഭിച്ചിരിക്കണം. പോഷകക്കുറവ് വിളർച്ചയ്ക്കും വളർച്ചാക്കുറവിനും കാരണമാകും. മെറ്റബോളിസം കുറയുന്നതിനാൽ അമിതവണ്ണത്തിനും കൊളസ്ട്രോളിനും കാരണമാകും. പ്രഭാതഭക്ഷണത്തിന്റെ അളവ് കുറയുന്നത് രക്തത്തിലെ പഞ്ചസാര താഴാൻ ഇടയാക്കും. തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയാനും ന്യൂറോണുകൾക്ക് അപചയം സംഭവിക്കാനും ഇടയുണ്ട്. കുട്ടികൾ സ്കൂളിൽ പോകുന്ന സമയമനുസരിച്ച് പ്രഭാതഭക്ഷണം ക്രമീകരിക്കണം. ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. മാംസ്യം കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവർഗങ്ങൾ എന്നിവ രക്തത്തിലെ റ്റൈറോസിൻ (അമിനോ ആസിഡ്) അളവിനെ വർദ്ധിപ്പിച്ച് തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു.

ലഘുഭക്ഷണം നിർബന്ധമാക്കുക

സ്കൂളിൽ പോകുന്ന കുട്ടിക്ക് ആരോഗ്യദായകമായ ഒരു സ്നാക്സ് കൊടുത്തുവിടാൻ ശ്രദ്ധിക്കണം. പഴവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ആവിയിൽ പുഴുങ്ങിയ ചെറുപലഹാരങ്ങൾ, അവൽ വിളയിച്ചത് എന്നിവ നൽകാം.

ഉച്ചഭക്ഷണം

ഒരു ദിവസം വേണ്ട ഊർജത്തിന്റെയും പ്രോട്ടീന്റെയും മൂന്നിൽ ഒന്ന് ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചിരിക്കണം. ചോറ് നിർബന്ധമില്ല. പകരം സ്റ്റഫ്‌ഡ് ചപ്പാത്തിയോ സാൻവിച്ചോ ഉപയോഗിക്കാം. പലതരത്തിലുള്ള റൈസ് വിഭവങ്ങൾ തിരഞ്ഞെടുക്കാം. ഇലക്കറികൾ ഉൾപ്പെടുത്തിയാൽ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് നികത്താം. മത്സ്യം, പനീർ, തൈര്, പയർവർഗങ്ങൾ എന്നിവ വളർച്ചയെ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട്, മഞ്ഞ നിറത്തിലുള്ള പഴങ്ങൾ (മാങ്ങ, പപ്പായ, പൈനാപ്പിൾ) ഇവയിലുള്ള കരോട്ടിനും വിറ്റമിൻ എ യും കാഴ്ചശക്തി സംരക്ഷിക്കുന്നു.

നാലുമണി ആഹാരം

സ്കൂൾ വിട്ട് വീട്ടിൽ വരുന്ന കുട്ടിക്ക് കൊഴുപ്പടങ്ങിയ ആഹാരം നൽകരുത്. വീട്ടീൽ തന്നെ തയ്യാറാക്കുന്ന ആരോഗ്യകരമായ ഒരു ലഘുഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. അവൽ, ഏത്തപ്പഴം, ഇലയട, പുഴുങ്ങിയ പയർവർഗങ്ങൾ, മിൽക്ക് ഷെയിക്കുകൾ, സൂപ്പുകൾ, ഫ്രൂട്ട് ജ്യൂസുകൾ ഇതൊക്കെ ക്ഷീണമകറ്റി ഉത്സാഹവും പ്രസരിപ്പും നൽകാൻ സഹായിക്കും.

അത്താഴം അളവ് ശ്രദ്ധിക്കണേ

പ്രാതൽ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് അത്താഴവും. കൊഴുപ്പ് കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായിരിക്കണം രാത്രി ഭക്ഷണം. മധുരം, പുളി, എരിവ് എന്നിവ അമിതമായ ഭക്ഷണം അത്താഴത്തിന് ഒഴിവാക്കാം. ആഹാരം കഴിച്ച് കഴിഞ്ഞ് ഒരുമണിക്കൂർ കഴിഞ്ഞേ ഉറങ്ങാൻ കിടക്കാവൂ.

വെള്ളം

ഒരു ബോട്ടിൽ വെള്ളം സ്കൂൾ ബാഗിൽ വയ്ക്കാൻ മറക്കരുത്. തിളപ്പിച്ച് ആറിയ വെള്ളം, ജീരകവെള്ളം, മോരിൻവെള്ളം, നാരങ്ങാവെള്ളം, ഫ്രഷ് ജ്യൂസ് എന്നിവ നൽകാം. പായ്ക്കറ്റിൽ കിട്ടുന്ന ജ്യൂസുകൾ, കോള പാനീയങ്ങൾ എന്നിവ ഒഴിവാക്കാം. എല്ലിനും പല്ലിനും ഉറപ്പു ലഭിക്കാൻ കാൽസ്യം അത്യന്താപേക്ഷിതമാണ്. പാൽ, പാലുത്‌പന്നങ്ങൾ (തൈര്, മോര്) മുളപ്പിച്ച പയർവർഗങ്ങൾ, ഇലക്കറികൾ, ചെറിയ മുള്ളോടുകൂടിയ മത്സ്യങ്ങൾ, റാഗി, അവൽ എന്നിവ നല്ലത്. മൈദ ചേർത്ത ഭക്ഷണങ്ങൾ, റിഫൈൻഡ് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ ആരോഗ്യത്തെ നശിപ്പിക്കും. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം നന്നല്ല.

ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുൻപിൽ ചടഞ്ഞിരിക്കാൻ അനുവദിക്കാതെ ഓടിക്കളിപ്പിക്കുക. ഭക്ഷണ കാര്യത്തിലെന്ന പോലെ വ്യായാമത്തിന്റെ കാര്യത്തിലും കുട്ടികൾക്ക് മുതിർന്നവർ തന്നെയാണ് മാതൃക.

ഉറക്കം

കുറഞ്ഞത് 6-8 മണിക്കൂറെങ്കിലും ഉറക്കം ലഭിച്ചാൽ മാത്രമേ കുട്ടി ഉന്മേഷവാനായി ഇരിക്കുകയുള്ളൂ.

പ്രീതി ആർ. നായർ

ചീഫ് ക്ളിനിക്കൽ ന്യൂട്രീഷനിസ്റ്റ്

എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം