കോട്ടയം: പി.ജെ. ജോസഫിനെ ഒഴിവാക്കി ജോസ്. കെ. മാണിയെ കേരള കോൺഗ്രസ് ചെയർമാനാക്കാൻ മാണി ഗ്രൂപ്പ് നേതാക്കൾ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ജോസഫിന്റെ നീക്കങ്ങൾക്ക് തടയിട്ട് പാർട്ടിയിലെ സുപ്രധാന സ്ഥാനങ്ങൾ തങ്ങൾക്കൊപ്പം നിറുത്താനാണ് ശ്രമം. പാർട്ടിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന രഹസ്യയോഗത്തിലും ഇത്തരത്തിലുള്ള തീരുമാനമുണ്ടായതായാണ് അറിയുന്നത്. അതേസമയം, പാർട്ടി പിളരാതെ തന്ത്രപരമായ നീക്കത്തിലൂടെ ചെയർമാൻ സ്ഥാനം ജോസ് കെ. മാണിയിലെത്തിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജോസഫ് വിഭാഗം സ്വീകരിക്കുന്നത്. ചെയർമാൻ സ്ഥാനം മുതിർന്ന നേതാവെന്ന നിലയിൽ പി.ജെ. ജോസഫിനാണെന്നാണ് ആ വിഭാഗം നേതാക്കൾ വാദിക്കുന്നത്. ചെയർമാൻ സ്ഥാനത്തേക്കുള്ള വടംവലി പാർട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.
അതേസമയം ചെയർമാന്റെ താത്കാലിക ചുമതല വഹിക്കുന്ന പി.ജെ.ജോസഫ് സംസ്ഥാന നേതൃയോഗം വിളിക്കാൻ തയ്യാറായില്ലെങ്കിൽ ബദൽ യോഗം വിളിച്ച് ചെയർമാനെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുക്കാൻ ജോസ് കെ. മാണി വിഭാഗം രഹസ്യനീക്കം നടത്തുന്നതായി സൂചനയുണ്ട്. ഇതിനായി പാർട്ടിയുടെ ബൈലോ പരിശോധിച്ചുവരികയാണ് നേതാക്കൾ. ഒരു കാരണവശാലും ചെയർമാൻ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നൽകില്ലെന്ന പിടിവാശിയിലാണ് ജോസ് കെ.മാണിയും കൂട്ടരും.
നിയമസഭാ സമ്മേളനം 27ന് ആരംഭിക്കാനിരിക്കെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സി.എഫ് തോമസിനെ നിയമസഭ കക്ഷി നേതാവാക്കുവാനാണ് ജോസഫിന്റെ മനസിലിരുപ്പ്. ഇതോടെ മാണി ഗ്രൂപ്പിലെ കരുത്തനായ സി.എഫിനെ തന്നോടടുപ്പിക്കാൻ സാധിക്കുമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടൽ. ഇതുസംബന്ധിച്ച് സി.എഫ് മനസുതുറന്നിട്ടില്ല.
ജോസഫിന് കീഴടങ്ങേണ്ടി വരുമെന്ന് റോഷി അഗസ്റ്റിൻ
പാർട്ടിയിൽ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം സീനിയോറിട്ടി അല്ലെന്നും പി.ജെ ജോസഫിന് അവസാനം പാർട്ടിക്ക് കീഴടങ്ങേണ്ടിവരുമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ 'ഫ്ലാഷി'നോട് പറഞ്ഞു. ചെയർമാന്റെ താത്കാലിക ചുമതലയുള്ള പി.ജെ.ജോസഫ് സ്റ്റേറ്റ് കമ്മിറ്റി ഉടൻ വിളിച്ചുചേർത്ത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയുടെ യശസ് നിലനിറുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.