തിരുവനന്തപുരം നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ പട്ടം മരപ്പാലം തോട്ടിൽ മാലിന്യം തള്ളിയ പള്ളിച്ചൽ സ്വദേശി വിഷ്ണുവിനെ ഹെൽത്ത് ഇൻസ്പെക്ടർ പിടികൂടി 10000 രൂപ പിഴയിട്ടു. പട്ടം മരപ്പാലം കുറവൻകോണം റോഡിൽ ആട്ടോറിക്ഷയിൽ പഴവർഗങ്ങൾ വില്പന നടത്തിവന്നിരുന്ന വിഷ്ണു രാത്രി 9 മണിയോടെ അഴുകിയ പഴവർഗങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ മരപ്പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്കിടുമ്പോഴാണ് പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ രാത്രി സ്ക്വാഡും, ഈഗിൾ സ്ക്വാഡും സംഭവസ്ഥലത്ത് എത്തി ആട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. വില്പനയ്ക്കായി വച്ചിരുന്ന മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പിന്‌ പരിശോധനയ്ക്കായി നൽകി. എം.ജി കോളേജിന് പിന്നിലുള്ള മാർ ഇവാനിയോസ് നഗറിൽ സ്കൂട്ടറിലെത്തി മത്സ്യാവശിഷ്ടങ്ങൾ തള്ളിയ നേമം ഹോമിയോ കോളേജ് സ്വദേശി അൻവറിനെ പിടികൂടി 5500 രൂപ പിഴയിട്ടു. ഇയാൾ മത്സ്യവില്പനയ്ക്കുശേഷം വരുന്ന അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി കുറേ നാളുകളായി പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാക്കിയിരുന്നു. സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനു നേതൃത്വം നൽകി. നഗരസഭ നടപ്പിലാക്കിയ 'ഈഗിൾ ഐ സ്ക്വാഡി'ന്റെ ഭാഗമായി രാത്രികാലങ്ങളിൽ ജീവനക്കാരെ നിയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ അറിയിച്ചു.