hh

നെയ്യാ​റ്റിൻകര: വ്യാജരേഖ ചമച്ച് 'അഭിഭാഷക'നായ വിനോദിനെ കസ്​റ്റഡി കാലാവധി തീർന്നതിനാൽ ഇന്നലെ നെയ്യാ​റ്റിൻകര ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കി. ഒ​റ്റശേഖരമംഗലം വാളിക്കോട് തലക്കോണം തലനിന്നപുത്തൻ വീട്ടിൽ എം.ജെ. വിനോദിനെയാണ് വ്യാജ സർട്ടിഫിക്ക​റ്റ് ഉപയോഗിച്ച് 'അഭിഭാഷക'നായതിന് ആര്യങ്കോട് പൊലീസ് അറസ്​റ്റു ചെയ്തത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് പൊലീസ് തന്റെ യഥാർത്ഥ മൊഴി രേഖപ്പെടുത്തുന്നില്ലെന്നും വൈദ്യ പരിശോധനയ്ക്കായി നെയ്യാ​റ്റിൻകര ജല്ലാ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴും മൊഴി രേഖപ്പെടുത്താത്തതിനാൽ, പൊലീസ് ഉദ്യോഗസ്ഥരെ മാ​റ്റണമെന്നും വിനോദിന്റെ പരാതിയിന്മേൽ നെയ്യാ​റ്റിൻകര എക്‌സൈസ് ഉദ്യോഗസ്ഥരെ തുടർ നടപടിക്കായി കോടതി ചുമതലപ്പെടുത്തി. പിന്നീട് നെയ്യാ​റ്റിൻകര എക്‌സൈസ് റെയിഞ്ച് എസ്.ഐ വിജയന്റെ നേതൃത്വത്തിൽ വിനോദിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണത്തിനായി വിനോദിനെ വീണ്ടും കസ്​റ്റഡിയിൽ വാങ്ങുമന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു.

ബീഹാർ ലാ കോളേജിൽ നിന്ന് എൽഎൽ.ബി സർട്ടിഫിക്ക​റ്റ് തരപ്പെടുത്തി നൽകാനായി വിനോദ് ഒന്നര ലക്ഷം രൂപ അഭിഷേക്‌സിംഗ് എന്നയാളിന് നൽകിയാണ് വ്യാജ സർട്ടിഫിക്ക​റ്റ് വാങ്ങിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. 2015 ഫെബ്രുവരി 15നാണ് വിനോദ് വ്യാജ സർട്ടിഫിക്ക​റ്റുമായി എൻറോൾ ചെയ്‌തത്. വിനോദിന്റെ സർട്ടിഫിക്ക​റ്റ് വ്യാജമാണെന്ന് പരാതി ഉയർന്നപ്പോൾ ഇപ്പോൾ ലഭിച്ച റോൾ നമ്പർ മാറ്റി മ​റ്റാരുടെയെങ്കിലും റോൾ നമ്പരിൽ തന്റെ പേര് തിരുത്തി വാങ്ങുന്നതിനായി ഒന്നര മാസം മുൻപ് അഭിഷേക്‌സിംഗുമായി ധാരണയായിരുന്നു. എന്നിട്ടും കാര്യം നടന്നില്ല. ബി.എ, എം.എ, എൽഎൽ.ബി, എം.ബി.എ സർട്ടിഫിക്ക​റ്റുകളാണ് അഭിഷേക് സിംഗ് വ്യാജമായി നിർമ്മിച്ച് ധാരാളം പേർക്ക് നൽകിയിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്മേൽ കൂടുൽ ചോദ്യം ചെയ്യാനായാണ് വീണ്ടും കസ്​റ്റഡിയിൽ വാങ്ങുന്നതത്രേ.