തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ചൊവ്വാഴ്ച രാവിലെ ഉണ്ടായ വൻ തീപിടിത്തം ഒരിക്കൽക്കൂടി അഗ്നിസുരക്ഷാ മുൻകരുതലുകളിലെ കടുത്ത ഉദാസീനതയിലേക്കും പാളിച്ചകളിലേക്കും വെളിച്ചം വീശുന്നു. എത്രയൊക്കെ തിക്താനുഭവങ്ങളുണ്ടായാലും ഒരു പാഠവും പഠിക്കുകയില്ലെന്നു വന്നാൽ എന്താണ് ചെയ്യുക. കത്തിയാളുന്ന ഇപ്പോഴത്തെ വേനൽച്ചൂടിൽ ചെറിയൊരു തീപ്പൊരിമതി എല്ലാം വെന്തുവെണ്ണീറാകാൻ. നിശ്ചിത ഉയരത്തിനപ്പുറമുള്ള എല്ലാ കെട്ടിടങ്ങളിലും മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാണെന്നാണ് വയ്പ്. എന്നാൽ വളരെ കുറച്ചു കെട്ടിടങ്ങളിലേ അതൊക്കെ ഉള്ളൂ എന്നറിയുന്നത് വലിയ തീപിടിത്തം ഉണ്ടാകുമ്പോഴാണ്. എം.ജി. റോഡിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ചെല്ലം അംബ്രല്ലാ മാർട്ടിന്റെ ഷോ റൂമിലും ഗോഡൗണിലും ,സുപ്രീം ലെതർ വർക്സ് ഗോഡൗണിന്റെ താഴത്തെ നിലയിലും ചൊവ്വാഴ്ച തീപിടിത്തത്തിലുണ്ടായ നഷ്ടം കോടികളുടേതാണ്. ഷോറൂമും ഗോഡൗണും പൂർണമായും കത്തിയമർന്നു. ദുരന്തമുണ്ടായത് രാവിലെയായതിനാൽ അതിവേഗം രക്ഷാസന്നാഹങ്ങൾ ഒരുക്കാൻ കഴിഞ്ഞു. രണ്ട് ഡസനിലേറെ അഗ്നിശമന വാഹനങ്ങളും നൂറുകണക്കിന് ഭടന്മാരും നാട്ടുകാരുമെല്ലാം ചേർന്ന് മണിക്കൂറുകൾ അശ്രാന്തപരിശ്രമം നടത്തിയാണ് തീ അണച്ചത്. സ്വന്തം ജീവൻപോലും പണയപ്പെടുത്തി അഗ്നിക്കെതിരെ പോരാടിയ ഫയർഫോഴ്സ് ഭടന്മാരുടെ സേവനത്തെ മുക്തകണ്ഠം അഭിനന്ദിച്ചേ മതിയാവൂ.
തലസ്ഥാന നഗരത്തിൽ വലിയ അഗ്നിബാധ മുൻപും ഉണ്ടായിട്ടുണ്ട്. ചാലക്കമ്പോളം കത്തിച്ചാമ്പലായിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. സമീപകാലത്താണ് പദ്മനാഭസ്വാമിക്ഷേത്രത്തോടു ചേർന്നുള്ള കെട്ടിടങ്ങളിലൊന്നിൽ പ്രവർത്തിച്ചിരുന്ന തുണിക്കടയുടെ ഗോഡൗൺ കത്തിനശിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്ളാസ്റ്റിക് ഫാക്ടറിയായ മൺവിളയിലെ ഫാമിലി പ്ളാസ്റ്റിക്കിന്റെ വലിയൊരു ഭാഗം ചാരമായിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ചെറുതും വലുതുമായ അനവധി തീപിടിത്തങ്ങൾ ഇടയ്ക്കിടെ ഇവിടെ ഉണ്ടാകുന്നുണ്ട്. ഫയർഫോഴ്സുകാർ ഒാടിയെത്തി തീ അണയ്ക്കുന്നതുകൊണ്ട് വലിയ അത്യാപത്തുകൾ ഉണ്ടാകുന്നില്ലെന്നുമാത്രം. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തെ എല്ലാ നഗരങ്ങളും നിരന്തരമായ അഗ്നിഭീഷണിയിലാണെന്ന് പറയാം. എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ അടിക്കടി തീപിടിത്തം ഉണ്ടാകാറുണ്ട്. ഒാരോ തവണയും അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതകൾ പരിശോധനയിൽ കണ്ടെത്തുകയും ചെയ്യും. പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലുമല്ലാതെ സുരക്ഷാ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നുമാത്രം. തലസ്ഥാനത്ത് ചൊവ്വാഴ്ച ഉണ്ടായ വൻ അഗ്നിബാധയെക്കുറിച്ച് റവന്യൂമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് വാർത്ത. റിപ്പോർട്ട് വാങ്ങി അലമാരയിൽ സൂക്ഷിക്കാമെന്നല്ലാതെ എന്ത് പ്രയോജനമാണുള്ളത്? തിരുവനന്തപുരത്തുതന്നെ അഗ്നിശമനസേനാ വിഭാഗം അടുത്തകാലത്ത് വ്യാപകമായ നിലയിൽ ഫയർ ഒാഡിറ്റിംഗ് നടത്തിയതിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പരിശോധിക്കപ്പെട്ട 1754 കെട്ടിടങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച കെട്ടിടങ്ങൾ 182 എണ്ണം മാത്രമായിരുന്നു. ശേഷിക്കുന്നവയ്ക്ക് നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. ബഹുനില കെട്ടിടങ്ങൾക്കെല്ലാം അഗ്നിപ്രതിരോധ സംവിധാനങ്ങൾ ചട്ടപ്രകാരം വേണ്ടതാണ്. ഇവ ഇല്ലാത്ത പഴയ കെട്ടിടങ്ങളിൽ പുതുതായി സംവിധാനം ഒരുക്കണമെന്നാണ് വയ്പ്. എന്നാൽ നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ആരും മിനക്കെടാറില്ല. എവിടെയെങ്കിലും വലിയ തീപിടിത്തം ഉണ്ടാകുമ്പോഴാണ് ഇതൊക്കെ ചികഞ്ഞെടുക്കുന്നത്. എണ്ണമറ്റ വമ്പൻ വ്യാപാര സ്ഥാപനങ്ങളും കൂറ്റൻ ഗോഡൗണുകളുമൊക്കെയുള്ള നഗരപ്രദേശങ്ങൾ വലിയൊരു അഗ്നിഗോളത്തിന് പുറത്താണിരിക്കുന്നതെന്ന് ആരും ഒാർക്കുന്നില്ല. ചെറിയൊരു തീപ്പൊരിയോ ഷോർട്ട് സർക്യൂട്ടോ അശ്രദ്ധയോടെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയോ മതി വലിയ ദുരന്തമുണ്ടാകാൻ. ഇടുങ്ങിയ കെട്ടിടങ്ങളും റോഡുകളും കൂടിച്ചേർന്നിരിക്കുന്ന പഴയ കെട്ടിടങ്ങളുമൊക്കെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. തലസ്ഥാനത്ത് തീപിടിച്ച വ്യാപാരശാല നാലുവരിപ്പാതയ്ക്ക് സമീപത്തായിരുന്നതിനാലാണ് അഗ്നിശമന വാഹനങ്ങൾക്ക് സുഗമമായി എത്താനും പ്രവർത്തിക്കാനും സാദ്ധ്യമായത്. ഇൗ സൗകര്യം എല്ലായിടത്തും ലഭ്യമാകണമെന്നില്ല.
അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അവ ഏർപ്പെടുത്താൻ വലിയ കെട്ടിട ഉടമകളെ നിർബന്ധിക്കുകയാണ് വേണ്ടത്. തയ്യാറാകാത്തവരുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കരുത്. ഇതിനായി സംയുക്ത പരിശോധനകൾ നടത്തണം. ഒരു തീപിടിത്തമുണ്ടായാൽ അതിനിരയായ സ്ഥാപന ഉടമയ്ക്ക് മാത്രമല്ല നഷ്ടമുണ്ടാകുന്നത്. സമീപത്തെ കടകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കാം. എത്രയോ പേരുടെ ജീവിതമാർഗമാണ് പൊടുന്നനെ ഇല്ലാതാകുന്നത്. ഫയർ ഒാഡിറ്റിംഗിൽ കണ്ടെത്തിയ വീഴ്ചകൾ പരിഹരിക്കാൻ ഇനി അമാന്തം കാണിക്കരുത്.