തിരുവനന്തപുരം: ചൊവ്വാഴ്ച പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല. അഗ്നിബാധയുടെ ഉറവിടം കടയിൽ നിന്ന് തന്നെയാണെങ്കിലും വേസ്റ്റ് കൂട്ടിയിട്ട് കത്തിച്ചതാണോ കാരണമെന്ന് ഉറപ്പിക്കാൻ ഫയർഫോഴ്സിനായിട്ടില്ല. വേസ്റ്റ് കത്തിക്കുമായിരുന്നെന്ന് സംഭവദിവസം പറ‍ഞ്ഞ ഉടമ രവികുമാർ ഇതിന് വിരുദ്ധമായ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ജീവനക്കാരും ഇക്കാര്യം നിഷേധിച്ചു. ഇന്ന് വീണ്ടും പരിശോധന നടത്തുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് പരിശോധന നടത്തിയ റീജിയണൽ ഫയർ ഓഫീസർ നൗഷാദ് പറഞ്ഞു. കത്തിയ കട ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾക്ക് കീഴിൽ വരുന്നതല്ല. മൂന്നോ അതിൽ കൂടുതലോ നിലകൾ പണിയുന്നുണ്ടെങ്കിൽ മാത്രമെ ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾ ബാധകമാകുകയുള്ളൂ. കടയിൽ നേരത്തേ തന്നെ തീപിടിച്ചതായാണ് നിഗമനം. നീറിപ്പുകഞ്ഞ ശേഷം തീ പടർന്നതിന്റെ ലക്ഷണങ്ങളും കടയിലുണ്ട്. കട പൂർണമായും കത്തിയമർന്നതിനാൽ ഏത് ഭാഗത്ത് നിന്നാണ് തീയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടില്ല. ഇക്കാര്യം ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധനയിലേ വ്യക്തമാകൂ. ഇന്നത്തെ പരിശോധന കൂടി കഴിഞ്ഞതിന് ശേഷം വിശദമായ റിപ്പോർട്ട് നാളെ ഫയർഫോഴ്സ് ഡയറക്ടർ ജനറലിന് സമർപ്പിക്കുമെന്നും നൗഷാദ് പറഞ്ഞു. ജില്ലാ ഫയർ ഓഫീസർ അബ്ദുൾ റഷീദ്,​ സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ,​ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ചെല്ലം അംബ്രല്ല മാർട്ടിന്റെ ഗോഡൗൺ അനധികൃതമായി നിർമ്മിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പഴയ വീടീനെ ആസ്ബസ്റ്റോസ് ഷീറ്റിട്ട് ഗോഡൗണാക്കി മാറ്റുകയായിരുന്നു. ഇത് നിയമാനുസൃതമല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.