കിളിമാനൂർ: ആലപ്പാട്ട് ജയകുമാറിന്റെ വിയോഗം പൊതു പ്രസ്ഥാനത്തിന്റെ കനത്ത നഷ്ടമാണന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. കിളിമാനൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായ ആലപ്പാട് ജയകുമാറിന്റെ മരണത്തെ തുടർന്ന് പോങ്ങനാട് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. നാടിന്റെ പൊതു കാര്യങ്ങളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേന മാതൃകാ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു എന്ന് എം.എൽ.എ കൂട്ടിചേർത്തു. ന്യൂമോണിയ ബാധയെ തുടർന്ന് ചൊവാഴ്ച വർക്കല മിഷൻ ഹോസ്പിറ്റലിൽ നിര്യാതനായ ജയകുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. പോങ്ങനാട് നടത്തിയ അനുസ്മരണ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അടൂർ പ്രകാശ്, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, അടയമൺ മുരളി, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.