cpm-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനമാണ് നാളെ. അദ്ദേഹം നേതൃത്വം നൽകുന്ന ഇടതു സർക്കാരിന്റെ മൂന്നാം വാർഷികം മറ്റന്നാളും. ഈ സാഹചര്യത്തിൽ ഇന്ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പുഫലം ‌അനുകൂലമായാൽ ഇടതുപക്ഷത്തിനാകെ ലഭിക്കുന്ന വിലയേറിയ സമ്മാനമാകും അത്. വാർഷികാഘോഷത്തിന് തിളക്കമേറുകയും ചെയ്യും.

ഫലം മറിച്ചായാൽ അത് ‌സർക്കാരിന്റെ തിളക്കം കെടുത്തുന്ന തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികളാവും തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിലും പ്രധാനമായും പ്രതിഫലിക്കുക.

എക്‌സിറ്റ്പോൾ പ്രവചനങ്ങളിലെ തിരിച്ചടിസൂചനകളിൽ പതറുന്നില്ല ഇടതു നേതാക്കൾ. മോശമല്ലാത്ത ഫലം കിട്ടുമെന്നാണ് കരുതുന്നത്. ഏഴു സീറ്റെങ്കിലും ഉറപ്പെന്നു കരുതുന്ന ഇടത്‌ നേതൃത്വം, ട്രെൻഡ് അനുകൂലമാവുകയാണെങ്കിൽ 11 വരെയെങ്കിലും എത്തുമെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് വളരെ മുൻകൂട്ടി നടത്തിയ തയ്യാറെടുപ്പുകളും മറ്റു മുന്നണികളെക്കാൾ വളരെ മുമ്പ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി, കണിശമായ പ്രചാരണ പ്രവർത്തനത്തിലേക്ക് നീങ്ങിയതുമെല്ലാം ഇടതു നേതൃത്വത്തിന് പ്രതീക്ഷ നൽകുന്നു. താഴേത്തലം മുതൽ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലുകളും വലിയ ആശ്വാസം പകരുന്നതായിരുന്നു. അതിനു വിരുദ്ധമായി തിരിച്ചടിയുണ്ടായാൽ നേതൃത്വത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നതാവും അത്.

തിരഞ്ഞെടുപ്പു ഫലം ഇന്ന് വരുന്നതിനു തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് അവലോകനത്തിനായി സി.പി.എമ്മും സി.പി.ഐയും നേതൃയോഗം ചേരും. നാളെ എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവും ചേരും. ഈ മാസം 31, ജൂൺ 1 തീയതികളിലായി സി.പി.എം സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. അതിനു മുമ്പായി പി.ബി യോഗവും നടക്കും.

ശബരിമല ആർക്ക്

ശരണമാകും?

ശബരിമല വിഷയത്തിൽ പ്രതീക്ഷിച്ചതിനപ്പുറം അടിയൊഴുക്കുകളുണ്ടായിട്ടുണ്ടെന്ന് കേരളത്തിൽ പൊതുവിലുണ്ടായ അഭിപ്രായ സർവേകൾ വിലയിരുത്തിയിട്ടുണ്ട്. ഇത്‌ ബി.ജെ.പിക്ക് എത്രകണ്ട് തുണയായിട്ടുണ്ടെന്നതും ഇന്നറിയാം. ഇതിന് കനത്ത വില നൽകേണ്ടിവന്നത് ആരാകുമെന്നതിനും ഉത്തരം ലഭിക്കുക ഇന്നാണ്. ശക്തമായ ത്രികോണമത്സരം കാഴ്‌ചവയ്‌ക്കുകയും ബി.ജെ.പി ഏറെ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ മത്സരം പ്രവചനാതീതമാണെന്നാണ് വിലയിരുത്തൽ. കേരളം ഏറ്റവുമധികം ആകാംക്ഷാഭരിതമാവുന്നതും ഈ മണ്ഡലങ്ങളിലെ ഫലത്തിലാണ്. ഇവിടെയും തൃശൂരിലും മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുന്ന സ്ഥാനാർത്ഥി ആരെന്നതിലും ഉദ്വേഗം കനത്തുനിൽക്കുന്നു.