വർക്കല: സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് വർക്കല തഹസീൽദാർ (എൽ.ആർ ) നഗരസഭ സെക്രട്ടറിക്ക് രണ്ട് പ്രാവശ്യമായി നൽകിയ ഉത്തരവുകളിൽ നടപടിയെടുക്കുന്നില്ലെന്ന് പരാതി. വർക്കല ശിവഗിരി സദനത്തിൽ ശരത്ചന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് വർക്കല വില്ലേജിലെ റീസർവേ 178ൽപ്പെട്ട 1.83 ആർ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ 00.70 ആർ സമീപ വസ്‌തു ഉടമ കൈവശപ്പെടുത്തിയതായി കണ്ടെത്തിയത്. പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റി ചട്ടപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം നഗരസഭയ്‌ക്കാണ്. തുടർന്നാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിനുളള ചുമതലയും നഗരസഭയ്ക്ക് കൈമാറിയത്. തഹസീൽദാരുടെ ഉത്തരവിനൊപ്പം താലൂക്ക് സർവെയറുടെ റിപ്പോർട്ടും സ്കെച്ചും തുടർ നടപടിക്കായി കൈമാറിയിരുന്നു. കൈയേറ്റസ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന സർവേ സമയത്ത് നഗരസഭ സെക്രട്ടറിയോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നെങ്കിലും നഗരസഭയുടെ പ്രതിനിധികൾ എത്തിയിരുന്നില്ല. ഇക്കാര്യവും കൈയേറ്റം ഒഴിപ്പിച്ച് നടപടി അറിയിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ഡിസംബർ 13നാണ് തഹസീൽദാരുടെ ആദ്യ ഉത്തരവ് നഗരസഭ സെക്രട്ടറിക്ക് നൽകിയത്. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് മാർച്ച് 2ന് ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും ഒരുത്തരവ് കൂടി നൽകി. എന്നിട്ടും നഗരസഭ സെക്രട്ടറി ഇതുവരെ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. രണ്ടാമത്തെ ഉത്തരവിന്റെ പകർപ്പും ആമുഖ ഉത്തരവും തഹസീൽദാർ ജില്ലാകളക്ടർക്കും കൈമാറിയിട്ടുണ്ട്.