vellam

വിതുര: തൊണ്ട നനയ്ക്കുവാൻ ഒരിറ്റ് ദാഹനീരിനായി ജനം പരക്കം പാഞ്ഞിട്ടും കണ്ണ് തുറക്കാത്ത ഭരണാധികാരികൾക്ക് നേരേ പ്രതിഷേധം ശക്തമാകുന്നു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, കന്നുകാലിവനം, മണലയം മേഖലകളിലാണ് കുടിനീർക്ഷാമം രൂക്ഷമായി മാറിയത്. പ്രദേശത്തെ കിണറുകൾ വറ്റി വരണ്ടിട്ട് ആഴ്ചകളേറയായി. കുളങ്ങളും തോടുകളും അപ്രത്യക്ഷമായിട്ട് മാസങ്ങൾ പിന്നിട്ടു. കുടിവെള്ളം വേണമെങ്കിൽ വാഹനങ്ങളിൽ കിലോമീറ്ററുകൾ താണ്ടണം. പണം മുടക്കിവാഹനങ്ങളിൽ വെള്ളം ശേഖരിച്ചുകൊണ്ടു വന്നാണ് നിലവിൽ ഉപയോഗിക്കുന്നത്. കുടിവെള്ളക്ഷാമം ചൂണ്ടിക്കാട്ടി അനവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും നടപടികളില്ല. കന്നുകാലിവനം മേഖലയിലാകട്ടെ പൈപ്പ് ലൈൻ കടന്നു വന്നിട്ടില്ല. ആനപ്പെട്ടിയിലുള്ള ടാപ്പുകളിൽ മിക്ക ദിനങ്ങളിലും വെള്ളം എത്താറില്ല. ഉണ്ടപ്പാറ, പച്ചമല, തേക്കുംമൂട്, പനയ്ക്കോട്, വിതുര പഞ്ചായത്തിലെ പോറ്റിക്കുന്ന്, മേമല, ആനപ്പാറ, പൊടിയക്കാല, മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല.

തൊളിക്കോട്,വിതുര പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച വിതുര,തൊളിക്കോട് ശുദ്ധജല പദ്ധതിയുടെ ഭാഗമായി തോട്ടുമുക്ക് കന്നുകാലിവനത്തിൽ സ്ഥാപിച്ച വാട്ടർടാങ്ക് നോക്കുകുത്തിയായി.ടാങ്കിൽ നിറയെ വെള്ളമുണ്ടെങ്കിലും പ്രദേശവാസികൾ കുടിനീരിനായി പരക്കം പായുകയാണ്. ഏഴ് വർഷം മുൻപാണ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിനീർക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പദ്ധതി ആവിഷ്ക്കരിച്ചത്. ഫണ്ടും അനുവദിച്ചു. വിതുര പഞ്ചായത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. തൊളിക്കോട് പഞ്ചായത്തിൽ ഇനിയും പണി നടക്കുവാനുണ്ട്. അതിരൂക്ഷമായ കുടിവെള്ള പ്രശ്നം ഉടലെടുത്തിട്ടും കുടിനീർപ്രശ്നത്തെ കുറിച്ച് രാഷ്ട്രീയക്കാർക്ക് മിണ്ടാട്ടമില്ല. പദ്ധതി പൂർത്തീകരിച്ചിരുന്നുവെങ്കിൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ആകുമായിരുന്നു.

കിണറുകളൊക്കെ വറ്റിയതോടെ നാട്ടുകാർ കിലോമീറ്ററുകൾ താണ്ടി വാമനപുരം നദിയിൽ എത്തി ജലം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. വേനൽ കടുത്തതോടെ നദിയിൽ വൻ തിരക്കാണ്. വരൾച്ചമൂലം നദിയിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞു. മാത്രമല്ല മിക്കഭാഗവും മലിനപ്പെട്ടു കിടക്കുകയാണ്. നിലവിൽ മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണ്. ഇടവപ്പാതി കനിഞ്ഞില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകും.

കല്ലാറിലെ നീരൊഴുക്ക് കുറഞ്ഞതോടെ നദിയിലെ വെള്ളം മലിനമാകാൻ തുടങ്ങി. ഒപ്പം നദിയിലെ മാലിന്യം നിക്ഷേപവും കൂടി ആയതോടെ നദിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. നദിയിടെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും ചെളിയും കലർന്ന വെള്ളമാണ് ആകെയുള്ളത്. ഈ വെള്ളമാണ് ഇപ്പോൾ നിരവധി പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം.

തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, കന്നുകാലിവനം, മണലയം മേഖലകളിലനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാൻ ടാങ്കർ ലോറികളിൽ ശുദ്ധജലം വിതരണം നടത്തണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മണലയം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ