1

വിഴിഞ്ഞം: കടലിനു മീതെ പറക്കാൻ റെഡിയായി ഹൈഡ്രോ ഫോയിൽ അതിവേഗ ബോട്ട്. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ആദ്യഘട്ട പരീക്ഷണ ഓട്ടം നടത്തും. ദുബായ് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ തുറമുഖ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. റഷ്യൻ നിർമ്മിത ബോട്ടാണിത്. ഇതിന്റെ അടിവശത്തെ ഫോയിലുകൾ ബോട്ടിനെ ജലത്തിൽ നിന്നുയർത്തി പറന്നു പോകുന്ന പ്രതീതി ഉയർത്തുന്നു. സാധാരണ ബോട്ടു പോലെ വെള്ളത്തിൽ യാത്ര ആരംഭിച്ച് 20 നോട്ടിക്കൽ മൈൽ സ്‌പീഡ് ആകുമ്പോൾ ഈ ബോട്ട് വെള്ളത്തിൽ നിന്നു 4 അടി വരെ ഉയർന്നു സഞ്ചരിക്കും. ഈ സമയത്ത് ബോട്ടിന്റെ പ്രൊപ്പല്ലർ മാത്രമാകും വെള്ളത്തിൽ തൊട്ടിരിക്കുന്നത്. സാധാരണ ബോട്ടുയാത്രയ്ക്ക് ഉണ്ടാകുന്ന തിരമാലകളിലെ ഉലച്ചിൽ ഈ ബോട്ട് യാത്രയിൽ ഉണ്ടാകില്ല. സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. മറ്റ് സൗകര്യങ്ങൾ എല്ലാം തുറമുഖ വകുപ്പ് സജ്ജമാക്കും. പദ്ധതി ആരംഭിക്കുന്നതോടെ പോർട്ട് വാടക ഉൾപ്പെടെ സർക്കാരിന് വൻ വരുമാനം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിഴിഞ്ഞം - ബേപ്പൂർ കപ്പൽ സർവീസ് നടത്താൻ ആലോചനയുണ്ടായിരുന്നു. ഈ പദ്ധതിയാണ് ഹൈഡ്രോ ഫോയിലിന്റെ രൂപത്തിൽ നടപ്പിലാകുന്നത്. ബോട്ട് സർവീസ് വിഴിഞ്ഞത്തേക്ക് നീട്ടുന്നതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ഒരു ഫ്ളോട്ടിംഗ് ജെട്ടി നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം കൂടാതെ കൊച്ചി - മറൈൻ ഡ്രൈവ്, കോഴിക്കോട് - വെള്ള എന്നിവിടങ്ങളിലും ജെട്ടികൾ ഉണ്ടാകും. ഇതിനായി 4.68 ലക്ഷം രൂപ അനുവദിച്ചിരുന്നു. പരീക്ഷണ പദ്ധതി വിജയിച്ചാൽ വിഴിഞ്ഞം - കന്യാകുമാരി ബോട്ട് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു.