jaleel

തിരുവനന്തപുരം: ഉയർന്ന ശമ്പളം വാങ്ങിയിട്ടും വിദ്യാർത്ഥികളുടെ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്താതെ ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്ന കോളേജ് അദ്ധ്യാപകരുടെ ശമ്പളം തടയാൻ സർക്കാർ ഉത്തരവ്. കേരള സർവകലാശാലയിൽ ബിരുദ പരീക്ഷാ മൂല്യനിർണയത്തിൽ നിന്ന് മുന്നൂറോളം സർക്കാർ, എയ്ഡഡ് കോളേജ് അദ്ധ്യാപകർ വിട്ടുനിന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ കടുത്ത നടപടി. ഈ അദ്ധ്യാപകർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ സർക്കാരിന് ശുപാർശ നൽകിയിരുന്നു.

കേരളയ്ക്ക് സമാനമായി മറ്റ് സർവകലാശാലകളിലും മൂല്യനിർണയത്തിൽ നിന്ന് അദ്ധ്യാപകർ വിട്ടുനിൽക്കുന്നുണ്ടെന്നും യഥാസമയം ഫലപ്രഖ്യാപനം നടത്താൻ ഇത് തടസമായെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇങ്ങനെയുള്ള സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ്, പോളിടെക്നിക് കോളേജുകളിലെ അദ്ധ്യാപകർക്കെതിരെ ശമ്പളം തടയുന്നതടക്കമുള്ള കർശന അച്ചടക്ക നടപടി വകുപ്പുമേധാവികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയാണ് ഉന്നതവിദ്യാഭ്യാസ (എഫ്) വകുപ്പിന്റെ ഉത്തരവ്. കോളേജ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർമാർക്കും സർവകലാശാലകളിലെ പരീക്ഷാ കൺട്രോളർമാർക്കുമാണ് നിർദ്ദേശം നൽകിയത്. വിട്ടുനിൽക്കുന്ന അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സർവകലാശാല സിൻഡിക്കേ​റ്റിന്റെ പരീക്ഷാഉപസമിതിയും ശുപാർശ ചെയ്തിരുന്നു. ചേർത്തല, പന്തളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഒമ്പത്‌ കേന്ദ്രങ്ങളിലായി നടക്കുന്ന ആറാം സെമസ്​റ്റർ ബിരുദ പരീക്ഷയുടെ മൂല്യനിർണയത്തിൽ നിന്നാണ് അദ്ധ്യാപകർ കൂട്ടത്തോടെ വിട്ടുനിന്നത്. അടിയന്തരമായി ഹാജരായില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഇവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വകവച്ചില്ല.

മേയ് എട്ടിന് തുടങ്ങിയ മൂല്യനിർണയ ക്യാമ്പുകൾ 20ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. മ​റ്റ് സർവകലാശാലകളെല്ലാം അവസാന സെമസ്​റ്റർ ബിരുദഫലം പ്രസിദ്ധീകരിച്ചിട്ടും കേരള സർവകലാശാലയിൽ മൂല്യനിർണയം പൂർത്തിയായില്ല. സമയബന്ധിതമായി മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചാലേ കാലതാമസമില്ലാതെ അടുത്ത അദ്ധ്യയനവർഷം ആരംഭിക്കാനാവൂ. ഒമ്പത് കേന്ദ്രീകൃത ക്യാമ്പുകളിലായി അഞ്ചാം സെമസ്റ്ററിന്റെ പേപ്പറുകളുടെ മൂല്യനിർണയം പുരോഗമിക്കുകയാണ്. അദ്ധ്യാപകർ കൂട്ടത്തോടെ മുങ്ങിയതോടെ, വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള നേരിട്ടിറങ്ങി സ്വാശ്രയകോളേജ് അദ്ധ്യാപകരെ ഉപയോഗിച്ച് അതിവേഗം മൂല്യനിർണയം നടത്തുകയാണ്. ഈയാഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീവ്രശ്രമം നടത്തുകയാണെന്ന് വി.സി പറഞ്ഞു. കാലിക്കറ്റിൽ അദ്ധ്യാപകർ വിട്ടുനിന്നതിനാൽ ബിരുദ ഫലപ്രഖ്യാപനം തടഞ്ഞുവയ്ക്കേണ്ടിവന്നു. തൃശൂരിലെ അദ്ധ്യാപകർ രണ്ടാംസെമസ്റ്റർ പേപ്പറുകൾ മൂല്യനിർണയം നടത്താതെ തിരിച്ചുനൽകുകയായിരുന്നു. 740 കുട്ടികളുടെ മലയാളത്തിന്റെ മാർക്കില്ലാതെയാണ് ഇവിടെ ബി.എ മലയാളം ഫലം പുറത്തുവിട്ടത്.

ശമ്പളം ഇങ്ങനെ

അസിസ്റ്റന്റ് പ്രൊഫസർ.....................57,700

അസി. പ്രൊഫസർ ഗ്രേഡ് 2..............68,900

അസോസിയറ്റ് പ്രൊഫസർ ............ 1,31,400

പ്രൊഫസർ........................................ 1,44,200

സീനിയർ പ്രൊഫസർ ......................1,82,000

വൈസ് ചാൻസലർ .......................... 2,25,000

'ഏഴാം ശമ്പളകമ്മിഷൻ ശുപാർശ അംഗീകരിച്ച് കനത്ത ശമ്പളം അദ്ധ്യാപകർക്ക് നൽകുന്നതാണ്. മൂല്യനിർണയം അദ്ധ്യാപകരുടെ ഉത്തരവാദിത്വമാണ്. സർക്കാർ ശക്തമായ നടപടികളെടുക്കും''

-കെ.ടി. ജലീൽ

ഉന്നത വിദ്യാഭ്യാസമന്ത്രി