isro

തിരുവനന്തപുരം:ബാലാക്കോട്ടുപോലുള്ള സൈനികാക്രമണത്തിന് തെളിവ് കണ്ടെത്താൻ ഇനി ഇന്ത്യയ്ക്ക് പ്രയാസമില്ല. മഴയത്തും കുറ്റക്കൂരിട്ടിലും പടങ്ങളെടുക്കാൻ ഇനി റിസാറ്റ് 2ബി ഉപഗ്രഹം ഉണ്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ഇന്നലെ പുലർച്ചെ 5.27ന് പി.എസ്. എൽ.വി. സി.46റോക്കറ്റിൽ കുതിച്ചുയർന്ന റിസാറ്റ് 2ബി. കാൽമണിക്കൂറിനകം ലക്ഷ്യത്തിലെത്തി.

എത്ര ചെറിയ റേഡിയോ തരംഗത്തെയും പിടിച്ചെടുക്കാൻ കഴിയുന്ന റഡാർ സംവിധാനം, ഏത് കാലാവസ്ഥയിലും പ്രകാശം ആവശ്യമില്ലാതെ ചിത്രങ്ങളെടുക്കാനും അത് നിമിഷവേഗത്തിൽ ഭൂമിയിലെത്തിക്കാനും കഴിയുന്ന അത്യാധുനിക ഇമേജിംഗ് സങ്കേതവും. റിസാറ്റ് 2ബി.യെ വ്യത്യസ്തമാക്കുന്നത് ഈ പ്രത്യേകതകളാണ്. അഞ്ച് വർഷമാണ് ആയുസ്. ഭൂമിയുടെ 557 കിലോമീറ്റർ ഉയരത്തിൽ റിസാറ്റ് 2ബി. നിലയുറപ്പിക്കും.

അതിശക്തമായ ചാര ഉപഗ്രഹമാണ് റിസാറ്റ് 2ബി. ചുഴലികൊടുങ്കാറ്റ് പോലുള്ള ദുരന്തങ്ങളെ സൂഷ്മമായി കണ്ടെത്താനും അതിന്റെ ചലനങ്ങൾ അപ്പപ്പോൾ അറിയിക്കാനും ഇത് ഉപകരിക്കും. ഉപഗ്രഹ സാങ്കേതിക മേഖലയിൽ ഇന്ത്യയുടെ വൻ നേട്ടമാണിത്.

ഇതിന് പുറമെ ഭാവിയിലെ റോക്കറ്റ് വിക്ഷേപണങ്ങൾക്കും ചെറിയ വിക്ഷേപണ റോക്കറ്റുകളുടെ പ്രവർത്തനത്തിന് സഹായകരമാകുന്ന തദ്ദേശീയമായി വികസിപ്പിച്ച ചെലവ് കുറഞ്ഞ വിക്രം പ്രോസസറിന്റെ പ്രയോഗവും ഇന്നലെ റിസാറ്റ് 2ബി. വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒ. വിജയകരമായി പരീക്ഷിച്ചതായി വി.എസ്.എസ്.സി. ഡയറക്ടർ ഡോ.സോമനാഥ് പറഞ്ഞു. ചണ്ടീഗഡിലെ സെമികണ്ടക്ടർ കോംപ്ളക്സിൽ വികസിപ്പിച്ച ഈപ്രോസസറിന്റെ വിജയം സാങ്കേതികമേഖലയിൽ വൻ നേട്ടമാണ്.