edappadi-

ഇന്ദ്രപ്രസ്ഥം ആരു ഭരിക്കുമെന്ന് അറിയാൻ രാജ്യം കണ്ണുംനട്ടിരിക്കുമ്പോൾ തമിഴ്നാട്ടിൽ കണക്ക് വേറെയാണ്. 22 നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണത്തെ കുഴപ്പത്തിലാക്കുമോ എന്നാണ് ജനം ഉറ്റു നോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും, തമിഴ്നാട് സർക്കാരിന്റെ ഭാവി. ഫലം എൻ.ഡി.എയ്‌ക്ക് അനുകൂലമായാൽ ഘടകകക്ഷിയായ അണ്ണാ ഡി.എം.കെ സർക്കാരിന് ആശ്വാസത്തോടെ തുടരാം. എന്നാൽ യു.പി.എ അധികാരത്തിലെത്തിയാൽ എടപ്പാടി പളനിസ്വാമിയുടെ ഭരണത്തിന് അധിക ആയുസുണ്ടാകില്ല

22 സീറ്റുകളിൽ 10 സീറ്റ് നേടിയാൽ അണ്ണാ ഡി.എം.കെ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള സാഹചര്യമുണ്ടാകും. ഭരണം മറിച്ചിട്ട് അധികാരം പിടിക്കാൻ ഡി.എം.കെയ്‌ക്ക് 21 സീറ്റ് നേടണം. ഇതാണ് കണക്ക്. ഇനി രാജ്യഭരണം ബി.ജെ.പി നേടിയാൽ പത്തു സീറ്റ് കിട്ടിയില്ലെങ്കിലും അണ്ണാ ഡി.എം.കെയ്ക്ക് തുടരാനായേക്കും. പാർട്ടിയിൽ വിമതശബ്‌ദമുയർത്തുന്ന എം.എൽ.എമാർ അതോടെ അടങ്ങി ഭരണത്തിൽ പങ്കാളിയാകാനേ ശ്രമിക്കൂ. മറിച്ച്, കേന്ദ്രത്തിൽ യു.പി.എ എത്തിയാൽ 10 സീറ്ര് നേട്ടത്തിലും ഭരണമുറപ്പിക്കാൻ എടപ്പാടിക്കു കഴിയില്ല.കൂടുതൽ പേർ പുറത്തു പോയി സർക്കാരിനെ മറിച്ചിട്ടേക്കാം.

ഡി.എം.കെ- കോൺഗ്രസ് സഖ്യം 25 മുതൽ 37 സീറ്റുവരെ നേടുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പറയുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകളിൽ ഈ തൂത്തുവാരൽ പ്രവചിക്കുന്നില്ല. ഇതാണ് രണ്ടു കൂട്ടരുടെയും നെഞ്ചിടിപ്പുയ‌ർത്തുന്നത്.

ഇന്ത്യാ ടുഡേ എക്‌സിറ്റ് പോളിൽ ഡി.എം.കെ 14 ഉം അണ്ണാ ഡി.എം.കെ മൂന്നും നേടുമെന്നു പറയുന്നു. ബാക്കി അഞ്ച് സീറ്റുകളിൽ ഇഞ്ചോടിഞ്ച്. തന്തി ടി.വിയുടെ എക്സിറ്റ് പോളിൽ അണ്ണാ ഡി.എം.കെയ്ക്ക് എട്ടും ഡി.എം.കെയ്ക്ക് ഏഴും സീറ്റ് കിട്ടുമെന്നും, ബാക്കി ഏഴിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും പറയുന്നു. രണ്ടു കൂട്ടർക്കും ലഭിക്കുമെന്ന് ഉറപ്പില്ലാത്ത ചില സീറ്റുകളിൽ ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം ജയിച്ചേക്കാം.

ഇരുമുന്നണികൾക്കും ബദലായി ഇത്തവണ ദിനകരന്റെ പാർട്ടി മാത്രമല്ല കമലഹാസന്റെ മക്കൾ നീതി മയ്യവുമുണ്ട്. രാഷ്ട്രീയത്തിൽ കമലഹാസന്റെ ഭാവി കൂടി നിർണയിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലം. വിജയകാന്ത് ഡി.എം.ഡി.കെ രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ആദ്യ തിരഞ്ഞെടുപ്പിൽ അദ്ദേഹം മാത്രമാണ് ജയിച്ചത്. എങ്കിലും, പാർട്ടിക്ക് ആകെ വോട്ടിൽ 10 ശതമാനം കിട്ടി. ഉലകനായകന് വിജകാന്തിനോളം നേട്ടമുണ്ടാക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. എന്തായാലും കമലഹാസന്റെും ദിനകരന്റെയും പാർട്ടികൾ എത്രത്തോളം വോട്ട് നേടുമെന്നത് രണ്ടു മുന്നണികളെയും അലട്ടുന്ന ചോദ്യമാണ്.