oda

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂർ പാപ്പാല ഗവ. എൽ.പി.എസിന് സമീപമുള്ള സ്ലാബുകളില്ലാത്ത ഓട

കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സുരക്ഷാവേലിയോ സ്ലാബുകളോ സ്ഥാപിക്കാൻ നടപടികളെടുക്കാത്തത് നാട്ടുകാരിൽ ആശങ്കയുണർത്തുകയാണ്. സ്കൂൾ പ്രവേശനോത്സവം കെങ്കേമമാക്കാൻ സ്കൂൾ അധികൃതരും പഞ്ചായത്ത് അധികാരികളും ഉൾപ്പെടെയുള്ളവർ പരക്കം പായുമ്പോൾ ഈ അപകടക്കെണി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. ദിവസേന നിരവധി അപകടങ്ങൾ നടക്കുകയും, ഒരുപാട് ജീവനുകൾ പൊലിയുകയും ചെയ്യുന്ന സംസ്ഥാന പാതയോട് ചേർന്നുള്ള ഈ ഓട ഇപ്പോൾ മഴയിലും റോഡ് ഇടിഞ്ഞും അഗാധ ഗർത്തമായി മാറിയിരിക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരന്റെ കണ്ണൊന്നു തെറ്റിയാൽ ഈ ഗർത്തത്തിൽ പതിക്കും എന്നതിൽ സംശയമില്ല. കഴക്കൂട്ടം - അടൂർ റോഡ് വികസനത്തിന്റെ ഭാഗമായി സുരക്ഷാ ഇടനാഴി പദ്ധതി എന്ന പേരിൽ നടപ്പാത നിർമ്മാണവും, ഓടകളിൽ സ്ലാബുകൾ നിർമ്മിക്കൽ ജോലിയും നടക്കുന്നുണ്ടെങ്കിലും ഇവിടെ ഒന്നും ചെയ്തില്ലെന്ന ആരോപണം ശക്തമാണ്. നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപത്തെ ഈ ഓടയിൽ കോൺക്രീറ്റ് സ്ലാബ്ലുകൾ സ്ഥാപിക്കണം എന്നതാണ് രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

ഗർത്തം ഉള്ളത് പാപ്പാല ഗവ. എൽ.പി.എസിന് സമീപം

സുരക്ഷാവേലിയോ, സ്ലാബുകളോ സ്ഥാപിക്കണം എന്ന് ആവശ്യം

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാൻ സാദ്ധ്യത

സിഗ് സാഗ് പോലുള്ള ട്രാഫിക് സിഗ്നലുകൾ ഉണ്ടെങ്കിലും ഈ ഗർത്തത്തിന് സമീപം യാതൊരുവിധ സുരക്ഷയും ഒരുക്കിയിട്ടില്ല

 പ്രതികരണം

മഴക്കാലമായാൽ ഇവിടെ വെള്ളം കുത്തിയൊലിച്ച് ഒഴുകാറുണ്ട്. കുട്ടികൾ ഇതിൽ കളിക്കാനും അപകടത്തിൽ പെടാനും സാദ്ധ്യത കൂടുതലാണ്. സ്കൂൾ തുറക്കും മുൻപേ ഇതിന് പരിഹാരം കാണണം.

(സുനിൽ, രക്ഷാകർത്താവ്)