തിരുവനന്തപുരം: വോട്ടെണ്ണലിനു ശേഷം സംസ്ഥാനത്ത് സംഘർഷ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് ജാഗ്രതയും വിന്യാസവും ശക്തമാക്കി. ഇത്തവണത്തെ സവിശേഷമായ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായശേഷവും കനത്ത പൊലീസ് കാവൽ തുടരണമെന്നും എല്ലാ വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ ത്രികോണമത്സരം നടന്നയിടങ്ങളിൽ വോട്ടെണ്ണലിനു ശേഷം രാഷ്ട്രീയപ്പോര് കനക്കാനിടയുണ്ട്. അനിഷ്‌ടസംഭവങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രതയിലാണ് പൊലീസ്.
1400 കേന്ദ്രസേനാംഗങ്ങൾക്കു പുറമെ 22,640 പൊലീസുകാരെ സംസ്ഥാനത്തുടനീളം വിന്യസിക്കും. ജില്ലാ പൊലീസ് മേധാവികളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 111ഡിവൈ.എസ്.പിമാരും 395 ഇൻസ്‌പെക്‌ടർമാരും 2632 എസ്.ഐ, എ.എസ്.ഐമാരും സുരക്ഷയൊരുക്കാൻ ഉണ്ടാവും. ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യൽ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ളിൽ കേന്ദ്രസേനയെ മാത്രമാവും വിന്യസിക്കുക. പുറത്ത് ത്രിതല സുരക്ഷയൊരുക്കി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സായുധ പൊലീസുണ്ടാവും. ഉച്ചയ്ക്കു ശേഷം പ്രധാന നഗരങ്ങളിൽ സായുധപൊലീസ് പിക്കറ്ര് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ അധിക സുരക്ഷയും ഏർപ്പെടുത്തി. ഏതു സാഹചര്യവും നേരിടാൻ പത്തു പേരടങ്ങുന്ന പതിനഞ്ചോളം സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ എല്ലാ ജില്ലകളിലും സജ്ജമാക്കി.
അക്രമം കാട്ടിയാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തി. മുൻപ് തിരഞ്ഞെടുപ്പിനിടെ അക്രമം കാട്ടിയവരെ നിരീക്ഷണത്തിലാക്കുകയും മുൻകരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. കൂടതൽ ഷാഡോ പൊലീസിനെയും മഫ്‌തി സംഘങ്ങളെയും നിയോഗിച്ചു. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളവരുടെ പട്ടിക ജില്ലകളിലെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. പ്രശ്‌നമുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചു.
ഏതു മേഖലയിലും എത്തിച്ചേരാൻ വാഹന സൗകര്യം എസ്.പിമാർ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി എത്ര വാഹനങ്ങളും വാടകയ്ക്കെടുക്കാൻ എസ്.പിമാർക്ക് അനുമതി നൽകി. പ്രശ്‌നസാദ്ധ്യതാ മേഖലകളിൽ ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണ സംവിധാനം എന്നിവ ഏർപ്പെടുത്തി. തലസ്ഥാനത്തടക്കം കേന്ദ്ര സായുധ സേന റോന്തുചുറ്റും.