pinarayi

​​​​​​​​​​​​​​​​​​​​​​​തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയും പഠന​യാത്രാ സൗകര്യവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടും ഏജൻസികളോടും മുഖ്യമന്ത്റി പിണറായി വിജയൻ നിർദ്ദേശിച്ചു. അദ്ധ്യയനവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്റി.

എല്ലാ വിദ്യാലയങ്ങളുടെയും കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനാവശ്യമായ പരിശോധന പെട്ടെന്ന് പൂർത്തിയാക്കണം.കെട്ടിടം പണി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ബദൽ സൗകര്യം ഏർപ്പെടുത്തണം. കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന രീതി അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും സ്വീകരിക്കണമെന്നും മുഖ്യമന്ത്റി പറഞ്ഞു. യോഗത്തിൽ മന്ത്റിമാരായ സി. രവീന്ദ്രനാഥ്, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ:-

*അപകടമുണ്ടാക്കാവുന്ന മരങ്ങൾ മുറിച്ചുമാ​റ്റണം.

*വൈദ്യുതി പോസ്​റ്റുകൾ, വൈദ്യുതി കമ്പികൾ എന്നിവ പരിശോധിച്ച് മുൻകരുതൽ എടുക്കണം.

* സ്‌കൂൾ ബസുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

*മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയെടുത്ത് മാറ്റി നിറുത്തണം.

*സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റാത്ത പ്രശ്നത്തിൽ പൊലീസ് ഇടപെടണം.

*വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തെ ബാധിക്കാത്തവിധം കെ.എസ്.ആർ.ടി.സി ക്രമീകരണം ഉണ്ടാക്കണം.

*കുട്ടികളെ കുത്തിത്തിരുകി കൊണ്ടുപോകുന്നത് തടയാൻ

മോട്ടോർ വാഹനവകുപ്പും പൊലീസും ജാഗ്രത പുലർത്തണം.

*വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും മ​റ്റു വാഹന ജീവനക്കാരുടെയും വിവരങ്ങൾ പി.ടി.എ വഴി ശേഖരിക്കണം.

*വാഹനങ്ങളിൽ കയറുന്നതിന് ക്യൂ സമ്പ്രദായം വേണം. സ്​റ്റുഡന്റ് പൊലീസ് , എൻ.സി.സി, സ്‌കൗട്ട്, ഗൈഡ് കേഡ​റ്റുകളുടെ സേവനം ഇതിന് ഉപയോഗിക്കണം.

*പി.ടി.എ യോഗങ്ങൾ നേരത്തെ തന്നെ വിളിച്ച് ഉച്ചഭക്ഷണം, ശുദ്ധജലം മുതലായ വിഷയങ്ങൾ ചർച്ചചെയ്യണം.

*പി.ടി.എ യോഗങ്ങൾ മാസംതോറും ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം.

*ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും മ​റ്റ് അധികൃതരും ജാഗ്രത പുലർത്തണം.

*വിദ്യാലയങ്ങളുടെ 200 മീ​റ്റർ പരിധിയിലുള്ള കടകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, തട്ടുകടകൾ എന്നിവയെല്ലാം നിരീക്ഷിക്കണം.

*ഭക്ഷ്യസുരക്ഷാ വിഭാഗവും സ്‌കൂൾ പരിസരത്തെ ഇത്തരം കടകളിൽ പരിശോധന നടത്തണം.

*ലഹരി മരുന്ന് ഉപയോഗ ശീലത്തിൽ പെട്ടുപോയ വിദ്യാർത്ഥികളെ മോചിപ്പിക്കാൻ പ്രത്യേക ശ്രദ്ധ വേണം.

*കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.